ഐ ആം തൂഫാൻ; ലഹരിക്കെതിരായ പോരാട്ടത്തിന് പൊലീസിനൊപ്പം മോഹൻലാൽ
ലഹരി വിമുക്ത കേരളം ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ കേരള പൊലീസ് നയിക്കുന്ന പ്രത്യേക ദൗത്യമായ ‘ഓപ്പറേഷൻ തൂഫാൻ – ദ നാർക്കോ ഹണ്ടി’ ന് പൂർണ പിന്തുണ പ്രഖ്യാപിച്ച് മോഹൻലാൽ.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായും ദൗത്യത്തിന്റെ നോഡൽ ഓഫിസറായ ഐ.ജി പുട്ട വിമലാദിത്യയുമായും കൂടിക്കാഴ്ച നടത്തി. ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കുന്ന നടപടികൾക്ക് പിന്തുണ അറിയിച്ച അദ്ദേഹം, സമൂഹത്തിന്റെ എല്ലാ മേഖലകളെയും പങ്കാളികളാക്കുന്ന ജനകീയ മുന്നേറ്റമെന്ന് ഓപ്പറേഷൻ തൂഫാനെ വിശേഷിപ്പിച്ചു.
ലഹരിമാഫിയക്കെതിരെ ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ നടപടികൾ സ്വീകരിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും കേരള പൊലീസിനെയും സംസ്ഥാന സർക്കാരിനെയും താരം അഭിനന്ദിച്ചു. അനേകം കുടുംബങ്ങളെയും യുവജനങ്ങളെയും വിദ്യാർഥികളെയും ലഹരിയുടെ അപകടവലയത്തിൽനിന്ന് രക്ഷപ്പെടുത്താൻ ഈ ദൗത്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ മാതാപിതാക്കളുടെ സ്മരണാർഥം പ്രവർത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷൻ രൂപകൽപ്പന ചെയ്ത ‘സേ നോ ടു ഡ്രഗസ്’ എന്ന ലഹരിവിരുദ്ധ പദ്ധതിയുടെ രൂപരേഖ മോഹൻലാൽ ആഭ്യന്തരമന്ത്രിക്ക് കൈമാറി. ലഹരി വിമുക്തിയും പുനരധിവാസവും ലക്ഷ്യമിട്ട് ഫൗണ്ടേഷൻ ഇതിനോടകം തന്നെ നിരവധി ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും, ലഹരിവിരുദ്ധ പോരാട്ടങ്ങളുമായി തുടർന്നും പരിപൂർണമായി സഹകരിച്ച് മുന്നോട്ടുപോകും എന്നും മോഹൻലാൽ വ്യക്തമാക്കി.
ഓപ്പറേഷൻ തൂഫാന് പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പിന്തുണയും സഹകരണവും പ്രതീക്ഷ നൽകുന്നതാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മോഹൻലാലിനെ പോലെ ജനങ്ങൾ നെഞ്ചേറ്റിയ ഒരു താരം ഈ ദൗത്യത്തിന് പിന്തുണ നൽകുന്നത് ഓപ്പറേഷൻ തൂഫാന് പുതിയ ഊർജ്ജം പകരും.
