സാഫ് കപ്പിൽ ഇന്ത്യ ഫൈനലിൽ; ഗോൾ നേട്ടത്തിൽ പെലെയെ മറികടന്ന് ഛേത്രി

123 അന്താരാഷ്ട്ര കളികളിൽ നിന്നും 79 ഗോളുകൾ ആണ് ഛേത്രി ഇന്ത്യക്ക് വേണ്ടി നേടിയത്.
 | 
Football
അന്താരാഷ്ട്ര മത്സരത്തിലെ ഗോൾ നേട്ടത്തിൽ ഫുട്‌ബോൾ ഇതിഹാസം പെലെയെ മറികടന്ന് ഇന്ത്യൻ നായകൻ സുനിൽ ഛേത്രി. സാഫ് കപ്പിലെ മാലിദ്വീപിനെതിരായ നിർണ്ണായക മത്സരത്തിൽ നേടിയ ഇരട്ട ഗോളുകൾ ആണ് ഛേത്രിയെ ഈ നേട്ടത്തിൽ എത്തിച്ചത്. ഇന്ത്യയെ ഫൈനലിലും. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ വിജയിച്ചത്. ഫൈനലിൽ നേപ്പാൾ ആണ് എതിരാളികൾ. 123 അന്താരാഷ്ട്ര കളികളിൽ നിന്നും 79 ഗോളുകൾ ആണ് ഛേത്രി ഇന്ത്യക്ക് വേണ്ടി നേടിയത്. 

 33-ാം മിനിട്ടിൽ മൻവീർ സിങ്ങിലൂടെ ഇന്ത്യയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ 12 മിനിറ്റിന് ഇപ്പുറം മാലി ഗോൾ മടക്കി. 45-ാം മിനിട്ടിൽ പെനാൽട്ടി ബോക്സിനുള്ളിൽ വെച്ച് പ്രീതം കോട്ടാൽ ഫൗൾ ചെയ്തതോടെ  റഫറി മാലിക്ക് അനുകൂലമായി പെനാൽട്ടി വിധിച്ചു. കിക്കെടുത്ത അലി അഷ്ഫാഖ്  പന്ത് അനായാസം വലയിലെത്തിച്ച് താരം ആതിഥേയർക്ക് സമനില സമ്മാനിച്ചു.

രണ്ടാം പകുതിയിൽ  ആക്രമിച്ച് കളിച്ച ഇന്ത്യ 62-ാം മിനിട്ടിൽ സുനിൽ ഛേത്രിയിലൂടെ ലീഡെടുത്തു. മൻവീർ നൽകിയ പാസ് സ്വീകരിച്ച ഛേത്രി തകർപ്പൻ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. 



ഒൻപത് മിനിട്ടുകൾക്ക് ശേഷം ഛേത്രി ഇന്ത്യയുടെ വിജയമുറപ്പിച്ചുകൊണ്ട് വീണ്ടും ഗോളടിച്ചു. ഇത്തവണ ഒരു തകർപ്പൻ ഹെഡ്ഡറിലൂടെയാണ് താരം വലകുലുക്കിയത്. ബോക്സിനകത്തേക്ക് വന്ന ഫ്രീകിക്ക് മികച്ച ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് ഛേത്രി ടീമിനെ ഫൈനലിൽ എത്തിച്ചു.