നാലാം ട്വന്റിയിൽ ഇന്ത്യക്ക് 24 റൺസ് തോൽവി
ഉപ്പൽ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചിൽ പ്രതീക്ഷിച്ച പോലെ റണ്ണൊഴുകിയപ്പോൾ ഇന്ത്യക്കെതിരെ നാലാം ട്വന്റി മത്സരത്തിൽ വെസ്റ്റിൻഡീസിന് 24 റൺസ് ജയം.
വെസ്റ്റിൻഡീസ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന കൂറ്റൻ സ്കോർ നേടിയപ്പോൾ ഇന്ത്യൻ മറുപടി 19.3 ഓവറിൽ 223 റൺസിലൊതുങ്ങി. ഇന്ത്യക്ക് മലയാളി താരം സഞ്ജു സാംസൺ കൂറ്റൻ അടികളോടെ ഉജ്ജ്വല തുടക്കമാണ് നൽകിയത്.
23 പന്തിൽ 56 റൺസെടുത്ത സഞ്ജു തന്നെയാണ് ടോപ് സ്കോറർ. 20 പന്തിൽ 41 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയും 25 പന്തിൽ 43 റൺസെടുത്ത തിലക് വർമയും മികച്ച പ്രകടനം നടത്തിയെങ്കിലും ജയിക്കാൻ അത് മതിയാകുമായിരുന്നില്ല.
ഉജ്ജ്വല ഫോം തുടരുന്ന ക്യാപ്റ്റൻ ഷായ് ഹോപ് പരമ്പരയിലെ രണ്ടാമത്തെയും ഇത്തവണത്തെ ഇന്ത്യൻ പര്യടനത്തിലെ നാലാമത്തെയും സെഞ്ച്വറി കണ്ടെത്തിയതാണ് വിൻഡീസ് ഇന്നിങ്സിലെ സവിശേഷത.
