ഇന്ത്യ ക്വാർട്ടറിൽ; വിൻഡീസിനെതിരെ നാല് വിക്കറ്റ് വിജയം

ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് വിജയം. 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 185 റൺസ് നേടിയാണ് ക്വാർട്ടറിൽ പ്രവേശിച്ചത്. 65 ബോളുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യയുടെ വിജയം.
 | 

ഇന്ത്യ ക്വാർട്ടറിൽ; വിൻഡീസിനെതിരെ നാല് വിക്കറ്റ് വിജയം
പെർത്ത്: ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് വിജയം. തുടർച്ചയായ നാലാം ജയത്തോടെ ഇന്ത്യ ക്വാർട്ടറിൽ പ്രവേശിച്ചു. 183 റൺസ് പിന്തുടർന്ന ഇന്ത്യ 65 ബോളുകൾ ബാക്കി നിൽക്കെ ലക്ഷ്യം കണ്ടു. പരാജയങ്ങളൊന്നും നേരിടാതെ പൂൾ ബിയിൽ ഒന്നാമതായാണ് ഇന്ത്യ ക്വാർട്ടറിൽ പ്രവേശിച്ചത്. മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് ഷമി മാൻ ഓഫ് ദ മാച്ചായി. 56 ബോളുകളിൽ നിന്ന് 45 റൺ നേടിയ ധോണിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ടീം ഇന്ത്യയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതും ധോണി തന്നെ. ഈ വിജയത്തോടെ വിദേശത്ത് ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിച്ച ക്യാപ്റ്റൻ എന്ന സ്ഥാനവും ധോണി സ്വന്തമാക്കി.

അശ്വിൻ 16 റൺസെടുത്ത് നായകനൊപ്പം പുറത്താവാതെ നിന്നു. സ്‌കോർ 11ൽ നിൽക്കെ ശീഖർ ധവാനെ (9) നഷ്ടമായ ഇന്ത്യക്ക് അധികം വൈകാതെ രോഹിത് ശർമയുടെ (7) വിക്കറ്റും നഷ്ടമായി. കോഹ്ലി 33 റൺസെടുത്ത് പുറത്തായി.

64 ബോളിൽ നിന്ന് 57 റൺസ് നേടിയ ജെയ്‌സൺ ഹോൾഡറാണ് വിൻഡീസിന്റെ ടോപ്പ് സ്‌കോറർ. 35 റൺസ് വഴങ്ങി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും ജഡേജയും ഉമേഷ് യാദവും രണ്ട് വിക്കറ്റ് വീതവും നേടി. കഴിഞ്ഞ കളികളിൽ വിൻഡീസിന്റെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ച ക്രിസ് ഗെയിൽ 21 റൺസിന് പുറത്തായിരുന്നു. മുഹമ്മദ് ഷമിക്കാണ് ഗെയ്‌ലിന്റെ വിക്കറ്റ്. രാംദിൻ, സിമ്മോൻസ്, സാമുവൽസ്, സ്മിത്ത് എന്നിവരും തിളങ്ങാൻ കഴിയാതെ പുറത്താവുകയായിരുന്നു.