ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കം

ലീഡ്സ് (ഇംഗ്ലണ്ട്): 2024 ഇന്ത്യൻ ടെസ്റ്റ് ടീമിനെ സംബന്ധിച്ച് സമ്മിശ്ര വർഷമായിരുന്നു. തുടക്കത്തിൽ ഇംഗ്ലണ്ടിനെതിരായ പരമ്പര 4-1നും പിന്നാലെ ബംഗ്ലാദേശിനെതിരെ 2-0ത്തിനും ജയിച്ചെങ്കിലും കൊല്ലം അവസാനിപ്പിച്ചത് വലിയ നാണക്കേടോടെ. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ 0-3ന്റെ സമ്പൂർണ തോൽവി. ചരിത്രത്തിലിന്നോളമില്ലാത്ത തിരിച്ചടിയായിരുന്നു അത്. പിന്നെ ബോർഡർ-ഗവാസ്കർ പരമ്പര 1-3ന് ആസ്ട്രേലിയക്കും അടിയറവെച്ചു. 2025 പകുതി പിന്നിടുമ്പോൾ ഈ വർഷത്തെ ആദ്യ ടെസ്റ്റ് പരമ്പരക്കാണ് ഇന്ത്യ വെള്ളിയാഴ്ച ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ പുതിയ നായകൻ ശുഭ്മൻ ഗില്ലിന് കീഴിൽ ജയത്തോടെ തുടങ്ങി പരമ്പര സ്വന്തമാക്കുകതന്നെ ലക്ഷ്യം.
മൂന്ന് വൻ തോക്കുകളുടെ അഭാവം ഇന്ത്യൻ നിരയിലുണ്ട്. നായകരും മുൻനിര ബാറ്റർമാരുമായിരുന്ന രോഹിത് ശർമയും വിരാട് കോഹ്ലിയും വിക്കറ്റ് വേട്ടക്കാരൻ സ്പിൻ ഓൾ റൗണ്ടർ രവിചന്ദ്രൻ അശ്വിനും ഇനിയൊരിക്കൽക്കൂടി വെള്ള ജഴ്സിയിൽ കളിക്കില്ല. കോഹ്ലിയും രോഹിതും ടെസ്റ്റിൽനിന്നും അശ്വിൻ മൂന്ന് ഫോർമാറ്റിൽനിന്നും വിരമിച്ചു. മൂവരും ഒഴിച്ചിട്ട വിടവ് നികത്താൻ പകരമെത്തുന്നവർക്ക് കഴിയുമോയെന്ന് കണ്ടറിയണം. മൂന്ന് സന്നാഹ മത്സരങ്ങൾ കളിച്ചാണ് ഇന്ത്യൻ താരങ്ങൾ ഹെഡിങ്ലിയിൽ ഒന്നാം ടെസ്റ്റിനിറങ്ങുന്നത്. ഇംഗ്ലണ്ട് ലയൺസിനെതിരെ നടന്ന രണ്ട് ചതുർദിന മത്സരങ്ങളിൽ ടെസ്റ്റ് സംഘത്തിലെ മിക്കവരും ഇന്ത്യ എ ടീമിനായി കളിച്ചു. ഇൻട്രാ സ്ക്വാഡായും നടന്ന ചതുർദിന മത്സരവും ഇന്ത്യൻ താരങ്ങൾക്ക് ബാറ്റിങ് ബൗളിങ് പരിശീലനമൊരുക്കി. യുവരക്തങ്ങളിൽ പ്രതീക്ഷകളർപ്പിച്ച് എതിരാളികളെ നിഷ്പ്രഭമാക്കാനുള്ള അസ്ത്രങ്ങൾ ആവനാഴിയിൽ നിറച്ചാണ് ടീം പോരാട്ടവീഥിയിലിറങ്ങുന്നത്.