ഇന്ത്യ x വിൻഡീസ് രണ്ടാം ട്വന്റി20 ഇന്ന്
ആവർത്തിച്ച് അവസരങ്ങൾ നൽകുമ്പോഴും റൺസടിക്കാൻ പിശുക്ക് കാണിക്കുന്ന സഞ്ജു സാംസൺ ഉത്തരമില്ലാത്ത ചോദ്യമായി നിൽക്കെ, ഇന്ത്യയും വിൻഡീസും വീണ്ടും പോർമുഖത്ത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം ട്വന്റി20ക്ക് റാഞ്ചി വേദിയൊരുക്കുമ്പോൾ കണ്ണുകളെല്ലാം മലയാളി ഓപണർ സഞ്ജു സാംസണിലേക്കാണ്.
ഏഷ്യൻ ഗെയിംസിൽ ഉൾപ്പെടെ അവസാന നാലു മത്സരങ്ങളിലും സഞ്ജു വലിയ തോൽവിയായിരുന്നു. 9,7,2,11 എന്നിങ്ങനെ നേടിയത് 29 റൺസ്. ജപ്പാനിൽ തോറ്റ താരത്തിൽ വീണ്ടും വിശ്വസിച്ച ഗംഭീറിനെയാണ് സഞ്ജു തോൽപിക്കുന്നതെന്നാണ് സമൂഹ മാധ്യമങ്ങളിലുയരുന്ന വിമർശനം. അവസരം കാത്ത് കൗമാര വിസ്മയം വൈഭവ് സൂര്യവംശി പുറത്തിരിപ്പുള്ളപ്പോഴാണ് സഞ്ജു വീണ്ടും വീണ്ടും നിരാശപ്പെടുത്തുന്നതെന്നും വിമർശനമുയരുന്നു. എന്നാൽ, തിടുക്കപ്പെട്ടൊരു മാറ്റത്തിന് ഗംഭീർ തയാറാവില്ല. അഭിഷേകിനൊപ്പം സഞ്ജു തന്നെ ഇന്നും ഓപണിങ്ങിലെത്തുമ്പോൾ, ആ ബാറ്റ് തീപ്പിടിക്കട്ടേയെന്ന പ്രാർഥനയിലാവും പ്രിയപ്പെട്ടവർ. കഴിഞ്ഞ ട്വന്റി20 ലോകകപ്പ് ഒറ്റയാൻ പോരാട്ടത്തിലൂടെ ഇന്ത്യക്ക് സമ്മാനിച്ച സഞ്ജുവിൽ ടീം മാനേജ്മെന്റിലും ഇരട്ടി വിശ്വാസം. 15കാരൻ പയ്യന് കൂടുതൽ സമ്മർദം നൽകേണ്ടെന്ന മാനേജ്മെന്റ് ബോധ്യവും സഞ്ജുവിന് തുണയാണ്.
വിജയം ആവർത്തിച്ച് പരമ്പരയിൽ ലീഡ് പിടിക്കാനാണ് ഇന്ത്യ റാഞ്ചിയിലെത്തുന്നത്. മധ്യനിരയിൽ നായകൻ ശ്രേയസ് അയ്യറിന്റെ തിരിച്ചുവരവ് സൂചന നൽകുന്നതായിരുന്നു ലഖ്നോവിലെ ആദ്യ അങ്കം. സെഞ്ച്വറിയുമായി താരം ഇന്ത്യക്ക് അനായാസ വിജയമൊരുക്കി.
