സന്നാഹത്തിൽ ഇന്ത്യക്ക് ജയം; ഇം​ഗ്ലണ്ടിനെ തകർത്തത് ഏഴ് വിക്കറ്റിന്

ഇഷാൻ കിഷൻ തിളങ്ങി 70(46)

 | 
ishan kishan

ഇം​ഗ്ലണ്ടിനെതിരായ ടി20 ലോകകപ്പ് സന്നാഹമത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. ഇം​ഗ്ലണ്ട് ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യം പത്തൊമ്പതാം ഓവറിൽ ഇന്ത്യ മറികടന്നു. 46 പന്തിൽ 70 റൺസെടുത്ത ഇഷാൻ കിഷനും 24 പന്തിൽ 51 റൺസെടുത്ത കെ.എൽ രാഹുലുമാണ് ഇന്ത്യയെ വിജയത്തിലേക്ക് വേ​ഗം എത്തിച്ചത്. 

ടോസ് നേടിയ ഇന്ത്യ പന്തെറിയാൻ തീരുമാനിച്ചു. ഇം​ഗ്ലണ്ടിനായി ഓപ്പൺ ചെയ്തത് ബട്ട്ലറും ജെസൻ റോയിയും. ഇരുവരേയും മുഹമ്മദ് ഷമി പുറത്താക്കി. പിന്നാലെ വന്ന ഡേവിഡ് മാലനും അധികം നിന്നില്ല. എന്നാൽ 49 റൺസെടുത്ത ജോണി ബെയർസ്റ്റോ, 30 റൺസെടുത്ത ലയാം ലിവിങ്ങ്സ്റ്റൺ, 20 പന്തിൽ 43 റൺസെടുത്ത മോയിൻ അലി എന്നിവരാണ് ഇം​ഗ്ലണ്ടിനെ നല്ല സ്കോറിലെത്തിച്ചത്. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ടീം 188 റൺസെടുത്തത്. ഇന്ത്യക്കായി ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി.

ചേസിം​ഗ് തുടങ്ങിയ ഇന്ത്യക്കായി ഓപ്പണർമാർ മിന്നും തുടക്കം നൽകി. ആദ്യ പവർപ്ലേ ഓവറുകളിൽ കെ.എൽ രാഹുലും ഇഷാൻ കിഷനും ചേർന്ന് 59 റൺസടിച്ചു. സ്കോർ 82ൽ നിൽക്കെയാണ് രാഹുൽ പുറത്താവുന്നത്. 13 പന്തിൽ 11 റൺസെടുത്ത്  കോഹ്‍ലി പുറത്തായി. പിന്നാലെ വന്ന ഋഷഭ് പന്ത് 14 പന്തിൽ 29 റൺസടിച്ചു.

ഇന്ത്യയുടെ അടുത്ത സന്നാഹ  മത്സരം ഓസ്ട്രേലിയക്ക് എതിരെയാണ്.