മെഡല്‍ ഇല്ലെങ്കിലും വനിതാ ഹോക്കിയില്‍ ചരിത്രമെഴുതി ഇന്ത്യ; ഒളിമ്പിക്‌സില്‍ തുടരുന്ന സ്ത്രീ മുന്നേറ്റം

ഒളിമ്പിക്സ് വനിതാ ഹോക്കിയില് വെങ്കലത്തിനായുള്ള പോരാട്ടത്തില് ഇന്ത്യന് വനിതകള് പൊരുതിത്തോറ്റെങ്കിലും പിറന്നത് പുതിയ ചരിത്രം.
 | 
മെഡല്‍ ഇല്ലെങ്കിലും വനിതാ ഹോക്കിയില്‍ ചരിത്രമെഴുതി ഇന്ത്യ; ഒളിമ്പിക്‌സില്‍ തുടരുന്ന സ്ത്രീ മുന്നേറ്റം

ഒളിമ്പിക്‌സ് വനിതാ ഹോക്കിയില്‍ വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ പൊരുതിത്തോറ്റെങ്കിലും പിറന്നത് പുതിയ ചരിത്രം. ബ്രിട്ടനെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിക്കാന്‍ ഇന്ത്യന്‍ വനിതാ ടീമിനായി. മൂന്നിനെതിര നാല് ഗോളുകള്‍ക്കാണ് ബ്രിട്ടീഷ് ടീം വെങ്കലം കരസ്ഥമാക്കിയത്. എന്നാല്‍ ചരിത്രത്തില്‍ ആദ്യമായി ഒളിമ്പിക് മെഡലിന് വേണ്ടി കളിക്കാനായി എന്ന നേട്ടവുമായാണ് റാണി രാംപാലും സംഘവും ടോക്യോയില്‍ നിന്ന് മടങ്ങുന്നത്.

41 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യക്ക് വേണ്ടി ഹോക്കി മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിന് പിന്നാലെ വെങ്കല പ്രതീക്ഷയുമായി ഇറങ്ങിയ വനിതാ ടീം ഒരിക്കല്‍ പോലും ആരാധകരെ നിരാശരാക്കിയില്ല. ബ്രിട്ടനെതിരായ മത്സരത്തിന്റെ തുടക്കത്തില്‍ കാലിടറിയെങ്കിലും പിന്നീട് അട്ടിമറി പ്രതീക്ഷയുണര്‍ത്തിക്കൊണ്ട് മത്സരത്തിലേക്ക് തിരിച്ചു വരാനും ഇന്ത്യക്ക് കഴിഞ്ഞു. ഗുര്‍ജിത് കൗര്‍ രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ വന്ദന കടാരിയയാണ് മൂന്നാമത്തെ ഗോള്‍ നേടിയത്. ബ്രിട്ടന് വേണ്ടി സിയാന്‍ റായെര്‍, പിയേനി വെബ്, ഗ്രേസ് ബാല്‍സ്ഡണ്‍, സാറ റോബേര്‍ട്‌സണ്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു.

രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ 16-ാം മിനിട്ടില്‍ ബ്രിട്ടന്‍ ആദ്യ ഗോള്‍ നേടി. റായറിന്റെ ക്രോസ് ഇന്ത്യന്‍ പ്രതിരോധതാരം സുശീല ചാനുവിന്റെ ഹോക്കി സ്റ്റിക്കില്‍ തട്ടി പോസ്റ്റില്‍ കയറുകയായിരുന്നു. രണ്ടാം ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യയുടെ നിഷ ഗ്രീന്‍ കാര്‍ഡ് കണ്ടതോടെ ഇന്ത്യ രണ്ട് മിനിട്ടിലേക്ക് 10 പേരായി ചുരുങ്ങി. ഈ അവസരം മുതലെടുത്ത ബ്രിട്ടന്‍ രണ്ടാം ഗോളും സ്‌കോര്‍ ചെയ്തു.

ഇതിനുപിന്നാലെ ഇന്ത്യ ഒരു ഗോള്‍ തിരിച്ചടിച്ചു. 25-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ഗുര്‍ജിത് കൗര്‍ വലയിലെത്തിച്ചു. 26-ാം മിനിട്ടില്‍ ഗുര്‍ജിത് തന്നെ ഇന്ത്യക്ക് വേണ്ടി രണ്ടാമത്തെ ഗോളും നേടി സമനിലയിലെത്തിച്ചു. തൊട്ടു പിന്നാലെ വന്ദന കടാരിയ മൂന്നാം ഗോളും നേടിയതോടെ ഇന്ത്യന്‍ നിരകൂടുതല്‍ ആത്മവിശ്വാസത്തിലായി.

35-ാം മിനിറ്റില്‍ ബ്രിട്ടന്‍ മൂന്നാം ഗോളുമായി മടങ്ങിവരവ് അറിയിച്ചു. നാലാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ ഇന്ത്യയുടെ ഉദിതയ്ക്ക് ലഭിച്ച മഞ്ഞക്കാര്‍ഡ് ആണ് മത്സരത്തെ മാറ്റി മറിച്ചത്. ഇതിന് പിന്നാലെ 48-ാം മിനിറ്റില്‍ ബ്രിട്ടന്‍ നാലാം ഗോള്‍ നേടുകയും ഇന്ത്യയെ പ്രതിരോധത്തിലാക്കുകയും ചെയ്തു. പിന്നീട് സ്‌കോര്‍ ചെയ്യാന്‍ കഴിയാതെ ഇന്ത്യ കീഴടങ്ങുകയായിരുന്നു.