മൂന്നാം ഏകദിനം- ഇന്ത്യക്ക് അനായാസ വിജയം
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് അനായാസ വിജയം. സ്പിന്നര്‍മാരും ബാറ്റ്സ്മാന്മാരും തിളങ്ങിയ മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 228 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ ഏഴ് ഓവര്‍ ബാക്കിനില്‍ക്കെ മറികടന്നു. പരമ്പരയിലെ ആദ്യ മത്സരം കളിക്കുന്ന അമ്പാട്ടി റായിഡു, രഹാനെ, കോഹിലി, റെയ്ന എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങി. എന്നാല്‍ ഓപ്പണല്‍ ശിഖര്‍ ധവാന് ഇന്നും തിളങ്ങാനായില്ല.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 82 റൺസാണ് കുക്കും ഹാലെസും ചേര്‍ന്ന് നേടിയത്. എന്നാല്‍ ഇരുവരും പുറത്തായ ശേഷം വന്ന ബാറ്റ്സ്മാന്മാര്ക്ക് ഈ തുടക്കം മുതലാക്കാനായില്ല. കുക്ക് 44നും ഹാലെസ് 42 റൺസിനും പുറത്തായി. പിന്നീട് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിന് മധ്യനിരയെ തകര്‍ത്തു. 42 റൺസെടുത്ത ബട്ട്ലറുടേയും 30 റൺസെടുത്ത ട്രേഡ്വെല്ലിന്റേയും പ്രകടനമാണ് 227 എന്ന സ്ക്കോറില്‍ ഇംഗ്ലണ്ടിനെ എത്തിച്ചത്. അമ്പതാം ഓവറിലെ അവസാന പന്തില്‍ ഇംഗ്ലണ്ടിന്റെ എല്ലാവരും പുറത്തായി.
മോശം ഫോം തുടരുന്ന ശിഖര്‍ ധവാന്റെ (16) വിക്കറ്റ് തുടക്കത്തിലെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ രാഹാനേയും കോഹിലിയും ചേര്‍ന്ന് കളി ഇന്ത്യയുടെ വരുതിയിലാക്കി. രണ്ടാം വിക്കറ്റില്‍ 50 റൺസ് ഇരുവരും കൂട്ടിച്ചേര്‍ത്തു. 45 റൺസിനാണ് രഹാനെ പുറത്തായത്. 50 പന്തില്‍ 40 റൺസ് നേടി കോഹിലി പുറത്തായെങ്കിലും പിന്നീടൊത്തുചേര്‍ന്ന റെയ്ന, റായിഡു സഖ്യം കളി വിജയത്തിനരികിലെത്തിച്ചു. ഇരുവരും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് 87 റൺസ് നേടി. 42 പന്തില്‍ 42 റൺസെടുത്ത് റെയ്ന പുറത്തായെങ്കിലും ജഡേജയെ കൂട്ടുപിടിച്ച് റായിഡു ഇന്ത്യയെ വിജയത്തിലെത്തിച്ചു. കളി അവസാനിക്കുമ്പോള്‍ 64 റൺസുമായി റായിഡുവും 12 റണ്‍സുമായി ജഡേജയുമായിരുന്നു ക്രീസില്‍.
39 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് മാന്‍ ഓഫ് ദ മാച്ച്. പരമ്പരയിലെ നാലാം മത്സരം സെപ്തംബര്‍ രണ്ടിന് ബെര്‍മിംഗ്ഹാമില്‍ നടക്കും.