ന്യൂസിലൻഡിനെതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് 5 വിക്കറ്റ് വിജയം

ലോകകപ്പിലെ തോൽവിക്ക് കീവിസിനെതിരെ ആദ്യ പ്രതികാരം. ജയ്പൂരിൽ നടന്ന ആദ്യ ടി20യിൽ ഇന്ത്യ 5 വിക്കറ്റിന് ന്യൂസിലൻഡിനെ തോൽപ്പിച്ചു. 165 റൺസ് എന്ന വിജയലക്ഷ്യം 2 പന്ത് ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. 40 പന്തിൽ 62 റൺസ് നേടിയ സൂര്യകുമാർ യാദവ് ആണ് കളിയിലെ താരം.
ടോസ് നേടിയ നായകൻ രോഹിത് ശർമ്മ പന്തെറിയാൻ തീരുമാനിച്ചു. ആദ്യ ഓവറിൽ തന്നെ ഫോമിലുള്ള ഡാരിൽ മിച്ചലിനെ പുറത്താക്കി ഭുവി ഇന്ത്യക്ക് മികച്ച തുടക്കം നൽകി. നേരിട്ട ആദ്യ പന്തിൽ തന്നെ മിച്ചൽ ബൗൾഡ് ആയി. എന്നാൽ രണ്ടാം വിക്കറ്റിൽ ഗപ്റ്റിൽ- ചാപ്പ്മാൻ സഖ്യം നന്നായി കളിച്ചു. 109 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. 50 പന്തിൽ 2 സിക്സിന്റെയും 6 ഫോറിന്റെയും സഹായത്തിൽ 63 റൺസ് നേടിയ ചാപ്പ്മാൻ 14ആം ഓവറിൽ ആണ് പുറത്താവുന്നത്. അശ്വിനാണ് വിക്കറ്റ്. മൂന്ന് പന്തുകൾക്ക് അപ്പുറം ഗ്ലെൻ ഫിലിപ്പിനെയും അശ്വിൻ പുറത്താക്കി. എന്നാൽ ഒരറ്റത്ത് ഗപ്റ്റിൽ നന്നായി കളിക്കുന്നുണ്ടായിരുന്നു. 42 പന്തിൽ 70 റൺസ് എടുത്ത ഗപ്റ്റിലിനെ ദീപക് ചാഹർ പുറത്താക്കി. 4 സിക്‌സും 3 ഫോറും ആണ് ഗപ്റ്റിൽ പായിച്ചത്. എന്നാൽ അവസാന ഓവറുകളിൽ റണ്ണൊഴുക്ക് തടയാൻ ഇന്ത്യൻ ടീമിനായി. 20 ഓവറിൽ 6 വിക്കറ്റിന് 164 എന്ന സ്കോറിൽ ന്യൂസിലൻഡിനെ അവർ ഒതുക്കി. അശ്വിൻ, ഭുവനേശ്വർ കുമാർ എന്നിവർ 2 വിക്കറ്റ് വീഴ്ത്തി.
രോഹിത്- രാഹുൽ കൂട്ടുകെട്ട് ഇന്ത്യക്ക് നല്ല തുടക്കം നൽകി. അഞ്ചാം ഓവറിൽ സ്കോർ 50 കടന്നു. ബോൾട്ട് എറിഞ്ഞ 5 അഞ്ചാം ഓവറിൽ 21 റൺസ് ആണ് ഇന്ത്യൻ ബാറ്റർമാർ നേടിയത്. എന്നാൽ അവസാന പവർ പ്ലേ ഓവറിൽ സാന്റനർക്ക് മുന്നിൽ രാഹുൽ വീണു. 14 പന്തിൽ 15 റൺസ് ആണ് രാഹുൽ നേടിയത്.
പിന്നീട് എത്തിയ സൂര്യകുമാർ യാദവ് തകർപ്പൻ ഫോമിൽ ആയിരുന്നു. രോഹിത്- സൂര്യകുമാർ സഖ്യം രണ്ടാം വിക്കറ്റിൽ 59 റൺസ് കൂട്ടിച്ചേർത്തു. 36 പന്തിൽ 48 റൺസ് എടുത്ത് രോഹിത് പുറത്തായി. എന്നാൽ ഋഷഭ് പന്തിനെ
കൂട്ടി സൂര്യകുമാർ സ്കോർ മുന്നോട്ട് ചലിപ്പിച്ചു. 17ആം ഓവറിൽ സൂര്യകുമാർ യാദവ് പുറത്താകുമ്പോൾ ഇന്ത്യക്ക് 20 പന്തിൽ 21 റൺസ് മതിയായിരുന്നു ജയിക്കാൻ. ശ്രേയസ് അയ്യർ, വെങ്കിടേഷ് അയ്യർ എന്നിവർ പുറത്തായി എങ്കിലും രണ്ടു ബോൾ ബാക്കി നിൽക്കെ പന്ത് ഇന്ത്യയെ വിജയിപ്പിച്ചു. 17 പന്തിൽ 17 റൺസ് ആണ് ഋഷഭ് പന്ത് നേടിയത്.
രണ്ടാം ടി20 ഞായറാഴ്ച റാഞ്ചിയിൽ നടക്കും.