മൂന്നിൽ മൂന്നും ജയിച്ച് ഇന്ത്യ; അവസാന ടി20യിൽ ജയം 73 റൺസിന്

 | 
Cricket
ന്യൂസിലൻഡിന് എതിരായ 3 മത്സരങ്ങൾ അടങ്ങിയ ടി20 പരമ്പര ഇന്ത്യ തൂത്തുവാരി. അവസാന കളിയിൽ 73 റൺസിനാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യ ഉയർത്തിയ 185 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന കിവീസ് 111 റൺസിന് ഓൾഔട്ട് ആയി. 

തുടർച്ചയായ മൂന്നാം കളിയിലും ടോസ് നേടിയ നായകൻ രോഹിത് ഇത്തവണ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഓപ്പണർ ആയി രാഹുലിന് പകരം ഇഷാൻ കിഷൻ ആണ് കളിയിൽ ഇറങ്ങിയത്. രോഹിത്തും ഇഷാനും നല്ല വേഗത്തിൽ സ്കോർ  ചെയ്തു. 6 ഓവർ പവർപ്ലേയിൽ 69 റൺസ് ആണ് അവർ നേടിയത്. 

എന്നാൽ 6.2ഓവറിൽ 29 റൺസ് എടുത്ത ഇഷാൻ പുറത്തായി. നായകന്റെ റോൾ കൈകാര്യം ചെയ്ത സാന്റ്നർ ആണ് വിക്കറ്റ് വീഴ്ത്തിയത്. പിന്നാലെ എത്തിയ സൂര്യകുമാർ യാദവ്(0), ഋഷഭ് പന്ത്(4) എന്നിവരും പെട്ടന്ന് മടങ്ങി. രണ്ടുപേരെയും സാന്റ്നർ തന്നെ പുറത്താക്കി. 31 പന്തിൽ 56 റൺസ് എടുത്ത രോഹിത് ശർമ്മയെ സോധി റിട്ടേൺ ക്യാച്ചിലൂടെ ഔട്ട് ആക്കി. ശ്രേയസ് അയ്യർ (25), വെങ്കിടേഷ് അയ്യർ (20),ഹർഷൽ പട്ടേൽ(18), ദീപക് ചാഹർ (21*)  എന്നിവർ ചേർന്ന് ഇന്ത്യയെ 184/7 എന്ന നിലയിൽ എത്തിച്ചു. 

ചേസിംഗ് തുടങ്ങിയ കിവികൾക്ക്  5 ഓവറുകൾക്ക് ഇടയിൽ 3 വിക്കറ്റുകൾ നഷ്ടമായി. ഡാരിൽ മിച്ചൽ, ചാപ്പ്മാൻ, ഗ്ലെൻ ഫിലിപ്പ്‌സ് എന്നിവരെ പുറത്താക്കി അക്സർ പട്ടേൽ ഇന്ത്യക്ക് മികച്ച തുടക്കം നൽകി. എന്നാൽ ഗപ്റ്റിൽ ഒരറ്റത്ത് പിടിച്ചു നിന്നു. 51 റൺസ് എടുത്ത ഗപ്റ്റിൽ പുറത്തായതോടെ ന്യൂസിലൻഡ് തകർന്നു. 17.2 ഓവറിൽ 111 റൺസ് നേടി അവർ ഓൾ ഔട്ട് ആയി. അക്സർ പട്ടേൽ ആണ് പ്ലെയർ ഓഫ് ദി മാച്ച്. രോഹിത് പരമ്പരയിലെ താരവും. ഈ മാസം 25ന് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകും.