കിവീസ് 187 റൺസിന് ഓൾഔട്ട്, പരമ്പര സ്വന്തമാക്കി ഇന്ത്യ
209 റൺസിന് പുറത്തായെങ്കിലും അതേ നാണയത്തിൽ മറുപടി കൊടുത്ത് കിവീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. അഞ്ചാം ഏകദിനത്തിൽ ന്യൂസീലൻഡിനെ 22 റൺസിന് വീഴ്ത്തിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 210 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 187 റൺസിന് പുറത്തായി. അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പര 3-1 ന് ഇന്ത്യ സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡിനായി ഓപ്പണർമാരായ ടിം സെയ്ഫേർട്ടും വിൽ യങ്ങും പതിയെ ആണ് സ്കോറുയർത്തിയത്. ടീം അഞ്ചോവറിൽ 24 റൺസെടുത്തു. എന്നാൽ സെയ്ഫേർട്ടിനെ പുറത്താക്കി സിറാജാണ് കിവീസിന്റെ ആദ്യവിക്കറ്റ് നേടിയത്. താരം 14 റൺസെടുത്ത് മടങ്ങി. രണ്ടാം വിക്കറ്റിൽ വിൽ യങ്ങും നിക്ക് കെല്ലിയും ചേർന്നതോടെ കിവീസ് നിലയുറപ്പിച്ചു. ഇരുവരും ചേർന്ന് ടീമിനെ അമ്പത് കടത്തി. സ്കോർ 64 ൽ നിൽക്കേ കിവീസിന് രണ്ടാം വിക്കറ്റും നഷ്ടമായി. വിൽ യങ് 22 റൺസെടുത്ത് മടങ്ങി.
നേരത്തേ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 209 റൺസിന് പുറത്തായിരുന്നു. കിവീസ് ബൗളർമാർ ആധിപത്യം പുലർത്തിയപ്പോൾ ഇന്ത്യയുടെ ബാറ്റിങ് നിര വൻ തകർച്ച നേരിട്ടു. അക്ഷർ പട്ടേലും ഇഷാൻ കിഷനുമാണ് ഇന്ത്യൻ നിരയിൽ ചെറുത്തുനിന്നത്. ഇരുവരും 46 റൺസ് വീതം നേടി. കിവീസിനായി മിച്ചൽ സാന്റ്നറും ജേക്കബ് ഡഫിയും മൂന്ന് വിക്കറ്റെടുത്തു.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. മുൻനിര ബാറ്റർമാരെ ഇന്ത്യക്ക് വേഗം നഷ്ടമായി. രോഹിത് ശർമയും കോലിയും ഋതുരാജ് ഗെയ്ക്വാദും പുറത്തായി. രോഹിത് ശർമ ഏഴ് റൺസ് നേടിയപ്പോൾ കോലി അഞ്ച് റൺസ് മാത്രമാണ് നേടിയത്. ഗെയ്ക്വാദ് 18 റൺസുമായി പുറത്തായതോടെ ഇന്ത്യ 34-3 എന്ന നിലയിലായി. നാലാം വിക്കറ്റിൽ ശ്രേയസ് അയ്യരും അക്ഷർ പട്ടേലും ചേർന്നാണ് പിന്നീട് ഇന്ത്യയെ കരകയറ്റിയത്. ഇരുവരും ശ്രദ്ധയോടെ കിവീസ് ബൗളർമാരെ നേരിട്ടു. അതോടെ 17 ഓവറിൽ ഇന്ത്യ 86 റൺസിലെത്തി.
