ഒളിമ്പിക് ഹോക്കിയില്‍ ബ്രിട്ടനെ തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍

ബ്രിട്ടനെ തോൽപ്പിച്ചു ഇന്ത്യൻ പുരുഷ ടീം ഒളിമ്പിക്സ് ഹോക്കി സെമിയിൽ.
 | 

 

ഒളിമ്പിക് ഹോക്കിയില്‍ ബ്രിട്ടനെ തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍

ടോക്യോ: ഒളിമ്പിക് ഹോക്കിയിൽ ഇന്ത്യ സെമി ഫൈനലിൽ. ബ്രിട്ടനെ ഒന്നിനെതിരേ മൂന്നു ഗോളിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശനം. സെമിയിൽ ബെൽജിയമാണ് ഇന്ത്യയുടെ എതിരാളി.

കളി തുടങ്ങി ഏഴാം മിനിറ്റിൽ തന്നെ ഇന്ത്യ മുന്നിലെത്തി. ദിൽപ്രീത് സിങ്ങാണ് ഗോൾ നേടിയത്. 16-ാം മിനിറ്റിൽ ഗുജ്റന്ത് സിങ്ങിലൂടെ ഇന്ത്യ ലീഡ് വർദ്ധിപ്പിച്ചു. 45-ാം മിനിറ്റിൽ ഇയാൻ സാമുവൽ വാർഡിലൂടെ ബ്രിട്ടൻ ഒരു ഗോൾ മടക്കി. 57-ാം മിനിറ്റിൽ ഹാർദിക് സിങ്ങിലൂടെ ഇന്ത്യ ഗോൾപട്ടിക പൂർത്തിയാക്കി. മലയാളി താരം പിആർ ശ്രീജേഷിന്റെ ഗോൾവലക്ക് മുന്നിലെ പ്രകടനവും ഇന്ത്യൻ വിജയത്തിൽ നിർണായകമായി.

1980-ലെ മോസ്കോ ഒളിമ്പിക്സിന് ശേഷം ഹോക്കിയിൽ ഇന്ത്യയുടെ മികച്ച പ്രകടനമാണിത്. 2008 ബെയ്ജിങ് ഒളിമ്പിക്സിന് യോഗ്യത പോലും നേടാതിരുന്ന ഇന്ത്യ 2012-ൽ അവസാന സ്ഥാനക്കാരായണ് മത്സരം പൂർത്തിയാക്കിയത്. കഴിഞ്ഞ ഒളിമ്പിക്സിൽ നേടിയത് എട്ടാം സ്ഥാനവും. ഒളിമ്പിക്സിൽ ആകെ എട്ടു സ്വർണ മെഡലുണ്ട് ഇന്ത്യക്ക്.

രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയക്കെതിരേ 7-1 ന് തകർന്നശേഷം ടീം ഗംഭീര തിരിച്ചുവരവ് നടത്തി. പിന്നീട് മൂന്ന് മത്സരങ്ങളും ജയിച്ച് പൂൾ എ യിൽ രണ്ടാംസ്ഥാനക്കാരായാണ് ക്വാർട്ടറിൽ കടന്നത്. നിലവിലെ ഒളിമ്പിക് ചാമ്പ്യന്മാരായ അർജന്റീന വരെ ഇന്ത്യൻ കുതിപ്പിൽ തകർന്നു. അഞ്ചിൽ നാല് കളിയും ജയിച്ചാണ് ഇന്ത്യൻ സംഘം മുന്നേറിയത്.