പുരുഷ ഹോക്കി ടീം സെമിയിൽ തോറ്റു; ഇനി വെങ്കലത്തിനായി മത്സരിക്കാം

ഒളിമ്പിക്സ് സെമി ഫൈനലിൽ പുരുഷ ഹോക്കി ടീം പരാജയപ്പെട്ടു. ലോക ചാമ്പ്യന്മാരായ ബെൽജിയം രണ്ടിനെതിരേ അഞ്ചുഗോളുകൾക്കാണ് ഇന്ത്യയെ തോൽപ്പിച്ചത്.
 | 
പുരുഷ ഹോക്കി ടീം സെമിയിൽ തോറ്റു; ഇനി വെങ്കലത്തിനായി മത്സരിക്കാം

ഒളിമ്പിക്സ് സെമി ഫൈനലിൽ പുരുഷ ഹോക്കി ടീം പരാജയപ്പെട്ടു. ലോക ചാമ്പ്യന്മാരായ ബെൽജിയം രണ്ടിനെതിരേ അഞ്ചുഗോളുകൾക്കാണ് ഇന്ത്യയെ തോൽപ്പിച്ചത്. ഇനി വെങ്കലത്തിനായി ഓസ്‌ട്രേലിയ- ജർമനി മത്സരത്തിലെ പരാജിതരുമായി ടീം കളിക്കും.

അലെക്സാണ്ടർ ഹെൻഡ്രിക്സ് ബെൽജിയത്തിനായി ഹാട്രിക്ക് നേടിയപ്പോൾ ഫാനി ലൂയ്പേർട്ടും ഡോഹ്മെനും ഒരോ ഗോൾ നേടി. മൻപ്രീത് സിങ്ങും ഹർമൻ പ്രീത് സിങ്ങും ഇന്ത്യയ്ക്ക് വേണ്ടി ഗോൾ നേടി.

1980 ന് ശേഷം ഒളിമ്പിക്സ് ഫൈനൽ എന്ന ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒരു ഗോൾ വഴങ്ങിയ ശേഷം രണ്ട് ഗോളുകൾ തിരിച്ചടിച്ച് വിജയപ്രതീക്ഷയും നിലനിർത്തി. എന്നാൽ ബെൽജിയം ഉഗ്രൻ ഫോമിൽ ആയിരുന്നു.

മത്സരം തുടങ്ങി രണ്ടാം മിനിട്ടിൽ ബെൽജിയം ഇന്ത്യയ്ക്കെതിരേ മുന്നിലെത്തി. പെനാൽട്ടി കോർണറിൽ നിന്ന് ഫാനി ലൂയ്പേർട്ടാണ് ഗോൾ നേടിയത്.

ഇന്ത്യ 11-ാം മിനിട്ടിൽ തന്നെ സമനില ഗോൾ നേടി. പെനാൽട്ടി കോർണറിലൂടെ ഹർമൻപ്രീത് സിങ്ങാണ് ഒളിമ്പിക്സിലെ തന്റെ അഞ്ചാം ഗോൾ കണ്ടെത്തിയത്.

തൊട്ടുപിന്നാലെ ബെൽജിയത്തെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യ രണ്ടാം ഗോൾ നേടി . ഇത്തവണ മൻദീപ് സിങ്ങാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോൾ നേടിയത്. മൻദീപ് ഒളിമ്പിക്സിൽ നേടുന്ന ആദ്യ ഗോളാണിത്.ആദ്യ ക്വാർട്ടറിൽ 2-1 എന്ന സ്കോറിന് ഇന്ത്യ മുന്നിലെത്തി.

രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽ ബെൽജിയം സമനില ഗോൾ കണ്ടെത്തി. 19-ാം മിനിട്ടിൽ ബെൽജിയത്തിന്റെ അലെക്സാണ്ടർ ഹെൻഡ്രിക്സാണ് ഗോൾ നേടിയത്. ടൂർണമെന്റിലെ ടോപ് സ്കോററായ ഹെൻഡ്രിക്സിന്റെ 12-ാം ഗോളാണിത്. രണ്ടാം ക്വാർട്ടർ അവസാനിച്ചപ്പോൾ ഇരുടീമുകളും സമനില പാലിച്ചു.

മൂന്നാം ക്വാർട്ടറിൽ ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. നാലാം ക്വാർട്ടറിന്റെ തുടക്കത്തിൽ നായകൻ മൻപ്രീതിന് ഗ്രീൻകാർഡ് ലഭിച്ചത് ടീമിന് തിരിച്ചടിയായി. 49മത് മിനിറ്റിൽ പെനാൽട്ടി കോർണറിലൂടെ ബെൽജിയം മൂന്നാം ഗോൾ നേടി. ഹെൻഡ്രിക്സാണ് ഇത്തവണയും സ്കോർ ചെയ്തത്.

53-ാം മിനിട്ടിൽ ടീമിന് ലഭിച്ച പെനാൽട്ടി എടുത്ത ഹെൻഡ്രിക്സിന് പിഴച്ചില്ല. ബെൽജിയത്തിനായി നാലാം ഗോൾ . ഒപ്പം ഹാട്രിക്കും. ഡൊമിനിക് ഡോഹ്മെൻ ബെൽജിയത്തിനായി അഞ്ചാം ഗോൾ നേടി. ഇനി ലൂസേഴ്‌സ് ഫൈനലിലെ എതിരാളിക്ക് വേണ്ടിയുള്ള കാത്തിരിപ്പ്‌.