ഏഷ്യാ കപ്പ് കിരീടം ഏറ്റുവാങ്ങാതെ ഇന്ത്യൻ വനിതാ ടീം

നഖ്‍വിയിൽ നിന്ന് സ്വീകരിക്കില്ലെന്ന് ബി.സി.സി.ഐ
 | 
womens cricket team india

വനിതാ ടി20 ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് തകർത്ത് എട്ടാം തവണയും ഏഷ്യൻ ചാമ്പ്യന്മാരായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. എന്നാൽ, ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) അധ്യക്ഷനും പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്‌വി സമ്മാനദാന ചടങ്ങിൽ പങ്കെടുത്തതോടെ വിജയികൾക്കുള്ള ട്രോഫി സ്വീകരിക്കാതെ ഇന്ത്യൻ ടീം വേദിയിൽനിന്ന് വിട്ടുനിന്നത് വലിയ നാടകീയതക്ക് വഴിവെച്ചു. ബി.സി.സി.ഐയുടെ കൃത്യമായ നിർദേശപ്രകാരമാണ് കളിക്കാർ സമ്മാനദാന ചടങ്ങിൽനിന്ന് പൂർണമായും മാറിനിന്നത്.

അതിർത്തി കടന്നുള്ള ഭീകരവാദത്തിൽ ജീവൻ വെടിഞ്ഞ രക്തസാക്ഷികളോടുള്ള ആദരസൂചകമായാണ് ബി.സി.സി.ഐ ഇത്തരം നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതെന്ന് സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി. എസിസി മേധാവിയായ നഖ്‌വിക്ക് പകരം ഡെപ്യൂട്ടി ചെയർമാൻ ഖാലിദ് അൽ സാറൂണിയിൽനിന്ന് ട്രോഫി സ്വീകരിക്കാമെന്ന് ഇന്ത്യ അറിയിച്ചിരുന്നെങ്കിലും ഈ നിർദേശം നിരസിക്കപ്പെടുകയായിരുന്നു. ബോർഡിന്റെ ഈ തീരുമാനത്തിൽ ടീം ഒന്നടങ്കം ഉറച്ചുനിൽക്കുകയാണെന്നും രാജ്യത്തിന്റെ നിലപാടാണ് തങ്ങൾക്ക് പ്രധാനമെന്നും ഇന്ത്യൻ പരിശീലകൻ അമോൽ മജുംദാറും പ്രതികരിച്ചു.