ഐ.പി.എൽ ഫൈനൽ ഇന്ന്

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) എട്ടാം സീസണിലെ കിരീട പോരാട്ടം ഇന്ന്. മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും ഇന്ന് ഏറ്റുമുട്ടും.
 | 
ഐ.പി.എൽ ഫൈനൽ ഇന്ന്

 

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) എട്ടാം സീസണിലെ കിരീട പോരാട്ടം ഇന്ന്. മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും
മുംബൈ ഇന്ത്യൻസും തമ്മിലുള്ള പോരാട്ടം ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കും. രാത്രി എട്ടിനാണ് മത്സരം.

സീസണിൽ കളിച്ച 14 മത്സരങ്ങളിൽ ചെന്നൈ ഒമ്പത് മത്സരങ്ങളിലും മുംബൈ എട്ട് മത്സരങ്ങളിലും വിജയിച്ചു. മഹേന്ദ്ര സിങ് ധോണിയുടെ കരുത്തിൽ ചെന്നൈയും നായകൻ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ മുംബൈയും ഉജ്ജ്വല പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് ആരാധകർ കണക്കുകൂട്ടുന്നത്.

പ്ലേ ഓഫ് ഘട്ടത്തിൽ ചെന്നൈയെ തോല്പിക്കാനായതിന്റെ ആത്മവിശ്വാസം മുംബൈയ്ക്ക് കരുത്ത് പകർന്നേക്കും. ക്വാളിഫയർ1 പോരാട്ടത്തിൽ ചെന്നൈയെ 25 റൺസിന് തോല്പിച്ചാണ് മുംബൈ ഫൈനലിൽ പ്രവേശിച്ചത്. വെള്ളിയാഴ്ച റാഞ്ചിയിൽ നടന്ന ക്വാളിഫയർ2ൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ തോൽപ്പിച്ചാണ് ചെന്നൈ ഫൈനൽ സാദ്ധ്യത നിലനിർത്തിയത്. എന്തായാലും ഊഹാപോഹങ്ങൾക്കപ്പുറം മികച്ച പോരാട്ടം കാഴ്ചവെയ്ക്കുന്ന ടീമിനൊപ്പമായിരിക്കും ഇന്ന് വിജയം. 2010 ഫൈനലിൽ 22 റൺസിന് ചെന്നൈയോട് മുംബൈ പരാജയപ്പെട്ടിരുന്നു. എന്നാൽ 2013 ൽ കിരീടം മുംബൈ സ്വന്തമാക്കി.

സ്മിത്ത്, ഹസ്സി, ഡുപ്ലെസി, റെയ്‌ന, ധോണി എന്നിവരുടെ ബാറ്റിങ് മികവിലും ഡ്വയിൻ ബ്രാവോയും ആശിഷ് നെഹ്‌റ എന്നിവരുടെ ബൗളിങ്ങിലുമാണ് ചെന്നൈയുടെ പ്രതീക്ഷ. ക്യാപ്റ്റൻ രോഹിത്, ഹർദിക് പാണ്ഡ്യ, അമ്പാട്ടി റായുഡു, ലസിത് മലിംഗയും ഹർഭജൻ സിങ് എന്നിവരാണ് മുംബൈയുടെ ആക്രമണനിരയ്ക്ക് കരുത്ത് പകരുന്നത്.