ഐ.പി.എൽ; മുംബൈ ഇന്ത്യൻസ് ഫൈനലിൽ
മുംബൈ: ഐ.പി.എൽ എട്ടാം സീസണിലെ ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ് ഫൈനലിൽ. മുംബൈ ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് 19 ഓവറിൽ 162 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. ചെന്നൈ ഇനി രണ്ടാം ക്വാളിഫയറിൽ ബുധാനഴ്ച നടക്കുന്ന ബാംഗ്ലൂർ-രാജസ്ഥാൻ എലിമിനേറ്റർ മത്സരത്തിലെ വിജയികളെ നേരിടും. സ്‌കോർ: മുംബൈ 187/6 (20); ചെന്നൈ 162/10 (19).
ബാറ്റ്‌സ്മാൻമാരുടെ മികച്ച പ്രകടനത്തിനവും ബൗളർമാർ അവസരത്തിനൊത്ത് ഉയർന്നതുമാണ് മുംബൈയ്ക്ക് വിജയം എളുപ്പമാക്കായത്. ഫാഫ് ഡുപ്ലിസ് (34 പന്തിൽ നിന്നും 45) ഒഴിച്ചാൽ ചെന്നൈയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ആരും തന്നെയില്ല എന്നു പറയാം. ആദ്യ ഓവറിൽ തന്നെ ഡ്വെയ്ൻ സ്മിത്തിനെ (0) ചെന്നൈയ്ക്ക് നഷ്ടമായിരുന്നു. രണ്ടാം വിക്കറ്റിൽ മൈക്ക് ഹസി (11 പന്തിൽ 16) ഫാഫ് ഡു പ്ലസിസ് (34 പന്തിൽ 45) സഖ്യം 46 റൺസും മൂന്നാം വിക്കറ്റിൽ ഡു പ്ലസിസ്-റെയ്‌ന (20 പന്തിൽ 25) സഖ്യം 40 റൺസും കൂട്ടിച്ചേർത്തു. ധോണി(0)യുടെ വിക്കറ്റ് ചെന്നൈയ്ക്ക് നഷ്ടമായത് കനത്ത തിരിച്ചടിയായി.
മുംബൈയ്ക്ക് വേണ്ടി ലസിത് മലിംഗ, ഹർഭജൻ സിങ്, വിനയ് കുമാർ എന്നിവർ രണ്ട് വിക്കറ്റുകളും മിച്ചൽ മക്‌ലീഗൻ, ജഗദീശ സുചിത് എന്നിവർ ഓരോ വീക്കറ്റുകളും വീഴ്ത്തി.
നേരത്തേ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈക്കായി ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ ലെൻഡിൽ സിമ്മൺസും (51 പന്തിൽ 65) പാർഥിവ് പട്ടേലും (25 പന്തിൽ 35) 90 റൺസ് കൂട്ടിച്ചേർത്തു. കീറൺ പൊള്ളാർഡ് (17 പന്തിൽ 41) റൺസെടുത്ത് മികച്ച പ്രകടനം കാഴ്ച വെച്ചു. ക്യാപ്റ്റൻ രോഹിത് ശർമയ 14 പന്തിൽ നിന്നും 19 റൺസും അമ്പാട്ടി റായിഡു 8 പന്തിൽ നിന്നും 10 റൺസും നേടി.
ചെന്നൈയ്ക്ക് വേണ്ടി ഡ്വെയ്ൻ ബ്രാവോ 3 വിക്കറ്റും ആശിശ് നെഹ്‌റ, മോഹിത് ശർമ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റും നേടി.