വാതുവെയ്പ്പ് കേസ്: മെയ്യപ്പനും രാജ് കുന്ദ്രയ്ക്കും ആജീവനാന്ത വിലക്ക്

ഐ.പി.എൽ വാതുവെയ്പ്പ് കേസിൽ ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാൻ റോയൽസ് സഹ ഉടമ രാജ് കുന്ദ്രയ്ക്കും ക്രിക്കറ്റിൽ നിന്നും ആജീവനാന്ത വിലക്ക്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആർ.എം ലോധ അധ്യക്ഷനായ കമ്മിറ്റിയുടേതാണ് വിധി. ഇരുവരും കുറ്റക്കാരനാണെന്ന് കമ്മിറ്റി കണ്ടെത്തി. ഇവർ ഐ.പി.എൽ ചട്ടം ലംഘിച്ചുവെന്നും ക്രിക്കറ്റിന്റെ പേര് കളങ്കപ്പെടുത്തിയതായും കമ്മിറ്റി അഭിപ്രായപ്പെട്ടു.
 | 
വാതുവെയ്പ്പ് കേസ്: മെയ്യപ്പനും രാജ് കുന്ദ്രയ്ക്കും ആജീവനാന്ത വിലക്ക്

 

ന്യൂഡൽഹി: ഐ.പി.എൽ വാതുവെയ്പ്പ് കേസിൽ ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാൻ റോയൽസ് സഹ ഉടമ രാജ് കുന്ദ്രയ്ക്കും ക്രിക്കറ്റിൽ നിന്നും ആജീവനാന്ത വിലക്ക്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആർ.എം ലോധ അധ്യക്ഷനായ കമ്മിറ്റിയുടേതാണ് വിധി. ഇരുവരും കുറ്റക്കാരനാണെന്ന് കമ്മിറ്റി കണ്ടെത്തി. ഇവർ ഐ.പി.എൽ ചട്ടം ലംഘിച്ചുവെന്നും ക്രിക്കറ്റിന്റെ പേര് കളങ്കപ്പെടുത്തിയതായും കമ്മിറ്റി അഭിപ്രായപ്പെട്ടു.

അതേസമയം വാതുവയ്പ്പിൽ പങ്കെടുത്തതിന് ചെന്നൈ സൂപ്പർ കിങ്‌സിനും രാജസ്ഥാൻ റോയൽസിനും വിലക്കേർപ്പെടുത്തി. രണ്ടു വർഷത്തേക്കാണ് വിലക്ക്.

വാതുവയ്പ്പിൽ ബിസിസിഐ അധ്യക്ഷൻ എൻ ശ്രീനിവാസന്റെ മരുമകൻ ഗുരുനാഥ് മെയ്യപ്പന്റേയും രാജ് കുന്ദ്രയുടേയും പ്രവൃത്തി ബി.സി.സി.ഐയുടേയും ഐ.പി.എല്ലിന്റേയും പ്രതിച്ഛായയെ ബാധിച്ചു. സ്‌പോർട്‌സിനെ സ്‌നേഹിക്കുന്നവർ വാതുവെയ്പ്പിൽ ഉൾപ്പെടില്ലെന്നും കമ്മിറ്റി വ്യക്തമാക്കി.

വാതുവെയ്പ്പിൽ നേരിട്ട് പങ്കാളിയായി, ബി.സി.സി.ഐയുടെ നിയമങ്ങൾ ലംഘിച്ചു എന്നിവയാണ് മെയ്യപ്പനെതിരായ പ്രധാന ആരോപണങ്ങൾ. വാതുവെയ്പ്പുകാരുമായുള്ള ബന്ധം വെളിപ്പെടുത്തിയില്ല, ബി.സി.സി.ഐയുമായുള്ള കരാർ ലംഘിച്ചു എന്നിങ്ങനെ കുന്ദ്രയ്‌ക്കെതിരായും ആരോപണമുണ്ടായി. ഐപിഎൽ ഒത്തുകളി, വാതുവയ്പ് ഇടപാടുകളിൽ മെയ്യപ്പനും കുന്ദ്രയും കുറ്റക്കാരാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു.

രണ്ടു വർഷം മുൻപ് ഒത്തുകളിയുമായി ബന്ധപ്പെട്ട് മലയാളി താരം ശ്രീശാന്തും രാജസ്ഥാൻ റോയൽസിന്റെ രണ്ടു താരങ്ങളും അറസ്റ്റിലാവുന്നതോടെയാണ് ഐ.പി.എൽ കേസിന്റെ തുടക്കം. മുകുൾ മുഗ്ദൽ കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസായ ആർ.എം ലോധ ചെയർമാനായ കമ്മിറ്റിയെ ഒത്തുകളി അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ചത്.