ഐ.പി.എൽ: മുംബൈയ്ക്ക് തുടർച്ചയായ നാലാം തോൽവി; ചെന്നൈയ്ക്ക് മൂന്നാം ജയം

ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന് തുടർച്ചയായ നാലാം തോൽവി. ചെന്നൈ സൂപ്പർ കിങ്സിനെതിരെ ആറു വിക്കറ്റിനായിരുന്നു മുംബൈയുടെ തോൽവി.
 | 

ഐ.പി.എൽ: മുംബൈയ്ക്ക് തുടർച്ചയായ നാലാം തോൽവി; ചെന്നൈയ്ക്ക് മൂന്നാം ജയം

 

മുംബൈ: ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന് തുടർച്ചയായ നാലാം തോൽവി. ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ആറു വിക്കറ്റിനായിരുന്നു മുംബൈയുടെ തോൽവി. മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 183 റൺസെടുത്തപ്പോൾ ചെന്നൈ സൂപ്പർ കിങ്‌സ് 20 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം മറി കടന്നു. ചെന്നൈയുടെ തുടർച്ചയായ മൂന്നാം ജയമാണിത്.

സ്‌കോർ മുംബൈ ഇന്ത്യൻസ്- 20 ഓവറിൽ ഏഴിന് 183, ചെന്നൈ സൂപ്പർ കിങ്‌സ്-16.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 189 റൺസ്

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈ ഇന്ത്യൻസ് കെയ്‌റോൺ പൊള്ളാർഡ്(64), രോഹിത് ശർമ്മ(50) എന്നിവരുടെ ബാറ്റിങ് മികവിലാണ് 183 റൺസ് എന്ന മെച്ചപ്പെട്ട സ്‌കോറിലെത്തിയത്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 57 റൺസെടുത്തു. 16 പന്തിൽ നിന്നും 26 റൺസെടുത്ത് അമ്പാട്ടി റായിഡുവും മികച്ച പ്രകടനം കാഴ്ചവെച്ചു. ചെന്നൈയ്ക്ക് വേണ്ടി ആശിഷ് നെഹ്‌റ 3 വിക്കറ്റും ബ്രാവോ രണ്ടും മോഹിത് ശർമ്മ, ഈശ്വർ പാണ്ഡെ എന്നിവർ ഓരോ വിക്കറ്റും നേടി.

തുടർന്ന് ബാറ്റിങിനിറങ്ങിയ ചെന്നൈ 16.4 ഓവറിൽ ലക്ഷ്യം മറികടന്നു. ചെന്നൈയ്ക്ക് വേണ്ടി സ്മിത്ത് 30 പന്തിൽ നിന്നും 62 ഉം ബ്രണ്ടൻ മക്കല്ലം 20 പന്തിൽ നിന്നും 46 റൺസുമെടുത്തു. 7.2 ഓവറിൽ 109 റൺസാണ് ഇരുവരും ചേർന്ന് അടിച്ചു കൂട്ടിയത്. സുരേഷ് റെയ്‌ന 43 റൺസും ഡുപ്ലെസിസ് 11 റൺസും ക്യാപ്റ്റൻ ധോണി 3 റൺസുമെടുത്തു. മുംബൈയ്ക്ക് വേണ്ടി ഹർഭജൻ രണ്ടും മലിംഗയും പൊള്ളാർഡും ഓരോ വിക്കറ്റുകളും നേടി.