യു.എ.ഇക്കെതിരെ അയർലൻഡിന് വിജയം
ബ്രിസ്‌ബെൻ: ലോകകപ്പിൽ യു.എ.ഇക്കെതിരായ മത്സരത്തിൽ അയർലൻഡിന് വിജയം. അവസാന ഓവറിൽ രണ്ടു വിക്കറ്റ് ശേഷിക്കെയായിരുന്നു അയർലൻഡിന്റെ ജയം. യു.എ.ഇ ഉയർത്തിയ 278 റൺസിന്റെ വിജയ ലക്ഷ്യം 49.2 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ അയർലൻഡ് മറികടന്നു.
ഗാരി വിൽസണും(80) കെവിൻ ഒബ്രിയനും (25 പന്തിൽ 50) ആണ് അയർലൻഡിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. വില്യം പോർട്ടർഫീൽഡ്, എഡ് ജോയ്‌സ് എന്നിവർ 37 റൺസ് വീതം നേടി. ഗാരി വിൽസനാണ് മാൻ ഓഫ് ദ മാച്ച്. ഷെയ്മൻ അൻവറിന്റെ മികവിലായിരുന്നു യു.എ.ഇ 278 റൺസ് സ്വന്തമാക്കിയത്. അംജദ് അലിയുടെയും അംജദ് ജാവേദിന്റെയും ബാറ്റിങ് മികവും യു.എ.ഇയെ മികച്ച സ്‌കോറിലെത്തിച്ചെങ്കിലും ഇതൊന്നും ടീമിനെ തുണച്ചില്ല.
ഇതോടെ രണ്ടു മത്സരങ്ങളിൽ വിജയിച്ച് നാല് പോയിന്റുമായി അയർലൻഡ് പൂൾ ബിയിൽ രണ്ടാം സ്ഥാനത്തെത്തി. രണ്ടു ജയവുമായി നാല് പോയിന്റുള്ള ഇന്ത്യ മികച്ച റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്താണുള്ളത്.