വീണ്ടും ക്രിക്കറ്റ് ദുരന്തം; പന്ത് തലയിൽ കൊണ്ട് അമ്പയർ മരിച്ചു
ജറുസലേം: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഫിൽ ഹ്യൂഗ്സ് മരണത്തിന് കീഴടങ്ങിയതിന്റെ ഞെട്ടൽ മാറും മുമ്പ് ക്രീസിൽ നിന്ന് മറ്റൊരു ദുരന്തവാർത്ത കൂടി. ഇസ്രായേലിൽ പ്രാദേശിക ലീഗിൽ കളി നിയന്ത്രിച്ചു കൊണ്ടിരിക്കുകയായിരുന്ന അമ്പയർ ബാറ്റ്സ്മാൻ അടിച്ച പന്ത് തലയിൽ കൊണ്ട് മരിച്ചു. ഹില്ലേൽ ഓസ്കാർ (55) എന്ന അമ്പയറാണ് മരിച്ചത്.
ഇസ്രയേലിലെ തീരനഗരമായ അഷ്‌ഡോഡിലെ ബെൻ ഗുറിയോൺ പാർക്കിലാണ് സംഭവം. പന്ത് തലയിലിടിച്ച് വീണ ഉടനെ അമ്പയറെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം മരിച്ചിരുന്നു. ബാറ്റ്‌സ്മാൻ അടിച്ച പന്ത് സ്റ്റംപുകളിൽ തട്ടിയ ശേഷമാണ് അമ്പയറുടെ തലയിലിടിച്ചത്. പന്ത് തലയിൽ കൊണ്ടതിന്റെ ആഘാതത്തിൽ നിലത്തുവീണ അമ്പയർക്ക് ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. ഇസ്രേയേൽ ലീഗ് മത്സരങ്ങളുടെ അമ്പയറായിരുന്നു ഹില്ലേൽ. ഇന്ത്യ, സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള കളിക്കാരാണ് ലീഗ് മത്സരത്തിൽ ഉണ്ടായിരുന്നത്.
അഞ്ച് വർഷങ്ങൾക്ക് മുമ്പ് വെയ്ൽസിൽ തലയിൽ പന്ത് കൊണ്ട് ഒരു അമ്പയർ മരിച്ചിരുന്നു.