വിദേശ താരങ്ങൾക്ക് മടങ്ങാനായി വിജയാഘോഷം ബുധനാഴ്ച തന്നെ വേണമെന്നു തീരുമാനിച്ചത് ആര്‍സിബി?

ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗ് വിജയത്തിന്റെ ആഘോഷങ്ങൾ ബുധനാഴ്ച തന്നെ നടത്തണമെന്ന് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീം മാനേജ്മെന്റിന് നിര്‍ബന്ധമുണ്ടായിരുന്നതായി റിപ്പോർട്ടുകൾ. ഐപിഎൽ ഫൈനല്‍ കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ നഗരത്തിൽ ‘വിക്ടറി പരേഡ്’ നടത്തിയാലുള്ള പ്രശ്നങ്ങളെക്കുറിച്ച് കർണാടക പൊലീസ് ആർസിബി മാനേജ്മെന്റിനെ അറിയിച്ചിരുന്നതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച വൈകിട്ട് ബെംഗളൂരു നഗരത്തിലെ വിജയാഘോഷങ്ങൾക്കിടെയിണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചിരുന്നു.
ബെംഗളൂരു ടീമിന്റെ ‘വിക്ടറി പരേഡ്’ കാണാൻ ലക്ഷക്കണക്കിന് ആരാധകരാണ് കഴിഞ്ഞ ദിവസം നഗരത്തിലേക്ക് ഇരച്ചെത്തിയത്. ഇവരെ നിയന്ത്രിക്കാൻ ഉണ്ടായിരുന്നത് 5,000 പൊലീസ് ഉദ്യോഗസ്ഥർ മാത്രം. കിരീട വിജയത്തിന്റെ ആവേശം അത്രയേറെയുണ്ടായിരുന്നതിനാൽ ബുധനാഴ്ച ആഘോഷങ്ങൾ സംഘടിപ്പിക്കരുതെന്നായിരുന്നു ടീമിന് പൊലീസ് നൽകിയ നിർദേശം. സർക്കാരിനെയും ഇക്കാര്യം അറിയിച്ചിരുന്നു. എന്നാൽ വിദേശതാരങ്ങൾക്ക് അടക്കം ആഘോഷങ്ങളിൽ പങ്കെടുക്കേണ്ടതിനാൽ ടീമിനുള്ള സ്വീകരണം ബുധനാഴ്ച തന്നെ വേണമെന്ന നിലപാടിലായിരുന്നു ഫ്രാഞ്ചൈസി.
അടുത്ത ഞായറാഴ്ച ബെംഗളൂരു നഗരത്തിൽ ടീമിനെ സ്വീകരിക്കാമെന്നായിരുന്നു പൊലീസ് ഫ്രാഞ്ചൈസിക്കു മുന്നില്‍വച്ച നിര്‍ദേശം. എന്നാൽ ടീം മാനേജ്മെന്റ് ഇത് അംഗീകരിച്ചില്ലെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. സ്വീകരണ പരിപാടികൾക്കായി വിദേശ താരങ്ങളെ കാത്തുനിർത്താനാകില്ലെന്നും അവരെ തിരിച്ചയക്കേണ്ടതുണ്ടെന്നും പറഞ്ഞാണ്, ബുധനാഴ്ച തന്നെ സ്വീകരണവും വിക്ടറി പരേഡും ഫ്രാഞ്ചൈസി സംഘടിപ്പിച്ചത്. അഹമ്മദാബാദിൽനിന്ന് ബെംഗളൂരുവിലെത്തിയ ആർസിബി താരങ്ങളെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലാണു സ്വീകരിച്ചത്.
ദുരന്തം സംഭവിച്ച ശേഷം ബസിലെ ആഘോഷ വിഡിയോ പങ്കുവച്ച് ആർസിബി; വിവാദമായപ്പോൾ നീക്കം ചെയ്തു
ബുധനാഴ്ച തന്നെ കിരീടവിജയം ആഘോഷിക്കുന്നതിൽനിന്ന് പിൻവാങ്ങാൻ സർക്കാരിനെയും ആർസിബി ടീം മാനേജ്മെന്റിനെയും പ്രേരിപ്പിച്ചിരുന്നതായി കർണാടക പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോടു വെളിപ്പെടുത്തി. ‘‘ബുധനാഴ്ച ആഘോഷ പരിപാടികളുണ്ടെങ്കിൽ നഗരത്തിൽ വിക്ടറി പരേഡ് നടത്തരുതെന്നും പറഞ്ഞിരുന്നു. ആഘോഷം ഒരിടത്തു മാത്രമായി നടത്തണം. താരങ്ങളെ സ്റ്റേഡിയത്തിലെത്തിച്ച് എല്ലാ പരിപാടികളും അവിടെ സംഘടിപ്പിക്കാനും നിർദേശിച്ചിരുന്നു.’’– പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.