ശ്രീലങ്കയെ തകർത്ത് ഇംഗ്ലണ്ട് ടി20 ലോകകപ്പ് സെമിയിൽ

 | 
Jose butler
 

തുടർച്ചയായ നാലാം ജയം നേടി ഇംഗ്ലണ്ട് ടി20 ലോകകപ്പിന്റെ സെമിയിലെത്തി.ആദ്യ 10 ഓവറിൽ തകർന്ന ഇംഗ്ലണ്ടിനെ പുറത്താവതെ നേടിയ 101 റൺസിന്റെ മികവിൽ കളിയിലേക്ക് തിരികെയെത്തിച്ച ജോസ് ബട്ട്ലർ ആണ് വിജയശിൽപ്പി. നായകൻ മോർഗൻ ബട്ട്ലർക്ക് തുണയായപ്പോൾ ഇംഗ്ലണ്ട് 20 ഓവറിൽ 4 വിക്കറ്റിന് 163 റൺസ് നേടി. വിജയം തേടി ഇറങ്ങിയ ലങ്കൻ ടീം 137ന് പുറത്തായി. ഇംഗ്ലണ്ടിന് 26 റൺസ് വിജയം.

ടോസ് നേടി പന്തെറിയാൻ ഇറങ്ങിയ ശ്രീലങ്ക ആദ്യമേ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. സ്കോർ 35 ആകുമ്പോഴേക്കും 3 വിക്കറ്റ് വീണു. ഓപ്പണർ ജേസൻ റോയ് 9നും പിന്നീട് വന്ന  ഡേവിഡ് മലാൻ 6നും ബെയർസ്റ്റോ റൺ എടുക്കാതെയും പുറത്തായി. ഹാസരങ്കയും ചമീരയും ആണ് വിക്കറ്റ് എടുത്തത്. എന്നാൽ നായകൻ മോർഗൻ വന്നതോടെ ഇംഗ്ലണ്ട് പതിയെ മുന്നോട്ട് കുതിച്ചു. പതിയെ തുടങ്ങിയ ഇരുവരും 10 ഓവറുകൾക്ക് ശേഷമാണ് ഗിയർ മാറ്റിയത്. 112 റൺസിന്റെ കൂട്ടുകെട്ടാണ് ഇവർ ഉണ്ടാക്കിയത്. ആദ്യ 10 ഓവറിൽ 47 റൺസ് ആയിരുന്നു ഇംഗ്ലണ്ട് നേടിയത്. അടുത്ത 10 ഓവറിൽ 116 റൺസ് ഇവർ നേടി. കുമാര എറിഞ്ഞ 15ആം ഓവറിൽ 22 റൺസും ഷനക എറിഞ്ഞ 18ആം ഓവറിൽ 19 റൺസും ഇവർ നേടി. 40 റൺസ് എടുത്ത മോർഗൻ ഹസരങ്കക്ക് മുന്നിൽ വീണു എങ്കിലും കളിയുടെ അവസാന പന്തിൽ സിക്സർ പറത്തി ബട്ട്ലർ തന്റെ ആദ്യ ടി20 സെഞ്ച്വറി നേടി. ഹസരങ്ക 3 വിക്കറ്റ് വീഴ്ത്തി.

ഫോമിൽ ഉൾക് നിസങ്ക(1) റൺഔട്ട് ആയതോടെ ലങ്കൻ തുടക്കം തകർച്ചയുടെ ആയി. തൊട്ടു പിന്നാലെ 21 റൺസ് എടുത്ത അസലങ്കയും 7 റൺസ് നേടിയ കുശൽ പെരേരയും പുറത്തായി. ആദിൽ റഷീദ് ആണ് വിക്കറ്റുകൾ വീഴ്ത്തിയത്. പിന്നീട് അങ്ങോട്ട് എല്ലാവരും വന്നും പോയും ഇരുന്നു. ഒരു ഘട്ടത്തിലും ലങ്ക വിജയ പ്രതീക്ഷ നൽകിയില്ല. 

അവിഷ്‌ക ഫെർണാണ്ടോ(13), രാജപക്ഷെ (26), ഷനക (26), ഹസരങ്ക(34) എന്നിവർ പൊരുതാൻ ശ്രമിച്ചു. എന്നാൽ ഇംഗ്ലണ്ട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി.   19ആം ഓവറിൽ 137ന് അവർ ഓൾ ഔട്ട് ആയി. ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റഷീദ്, ക്രിസ് ജോർദാൻ, മോയിൻ അലി എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.

നാലിൽ നാലും ജയിച്ച ഇംഗ്ലണ്ടിന് 8 പോയിന്റ് ഉണ്ട്. ലങ്കക്ക് ഒരു വിജയം, 2 പോയിന്റ്. 3 കളികളിൽ നിന്നും ദക്ഷിണാഫ്രിക്കക്കും ഓസ്‌ട്രേലിയക്കും 4 പോയിന്റ് വീതം ഉണ്ട്.