ജൂനിയര്‍ ഹോക്കി ലോകകപ്പ്: ജർമനി ചാമ്പ്യന്മാർ, ഇന്ത്യക്ക് വെങ്കലം

 | 
india hockey


ചെന്നൈ: ജൂനിയര്‍ ഹോക്കി ലോകകപ്പ് നിലനിർത്തി ജര്‍മ്മനി. ഫൈനലിൽ സ്പെയ്നിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ 3-2 സ്കോറിൽ കീഴടക്കിയാണ് ജർമൻ ടീം കപ്പുയർത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും സമനിലയിലായിരുന്നു. (1-1). ലൂസേഴ്സ് ഫൈനലിൽ അർജന്റീനയെ തകർത്ത് ഇന്ത്യ വെങ്കലം സ്വന്തമാക്കി. (4-2).

ജർമനിക്കായി ജസ്റ്റിസ് വാർവെഗ്ഗും (27) സ്പെയിനിനായി നിക്കൊളാസ് മുസ്റ്ററോസുമാണ് (33) ഗോൾ നേടിയത്. ഷൂട്ടൗട്ടിൽ ജർമനി മൂന്നു ഗോൾ നേടിയപ്പോൾ സ്പാനിഷ് ടീമിന്റെ മൂന്നു ഷോട്ടുകൾ ലക്ഷ്യംകണ്ടില്ല.

രണ്ടു ഗോളുകള്‍ക്ക് പിന്നിലായശേഷം ഉജ്ജ്വലമായി തിരിച്ചടിച്ചാണ് ഇന്ത്യ കരുത്തരായ അര്‍ജന്റീനയ്ക്കെതിരേ ജയം പിടിച്ചെടുത്തത്. അങ്കിത് പാല്‍ (49), മന്‍മീത് സിങ് (52), ഷർദനന്ദ് തിവാരി (57) അന്‍മോള്‍ എക്ക (58), എന്നിവരാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. നിക്കൊളാസ് റോഡ്രിഗസും (3), സാന്റേിയാഗൊ ഫെര്‍ണാണ്ടസും (44) നേടിയ ഗോളുകളിലാണ് ആദ്യ പകുതിയില്‍ അര്‍ജന്റീന ആധിപത്യം നേടിയത്.

2016-ൽ ചാമ്പ്യന്മാരായശേഷം ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടമാണ് ചെന്നെയിലേത്. കഴിഞ്ഞ ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനമായിരുന്നു. മലയാളി ഒളിമ്പ്യൻ പി.ആർ. ശ്രീജേഷിന്റെ പരിശീലനത്തിലാണ് ടീം മെഡലണിഞ്ഞത്. രണ്ടു ഗോളുകൾക്കുപിന്നിൽ നിന്നശേഷം ജയിച്ചത് ടീമിന് ഭാവിയിലും പ്രചോദനം നൽകുമെന്ന് കോച്ച് ശ്രീജേഷ് പറഞ്ഞു.

ആദ്യ രണ്ടു ക്വാര്‍ട്ടറിലും അര്‍ജന്റീനയാണ് മികച്ചുനിന്നത്. ഇടവേളയ്ക്കുശേഷം ഇന്ത്യ ഗിയര്‍മാറ്റി. തുടരെത്തുടരെയുള്ള ആക്രമണങ്ങളില്‍ നാലു പെനാള്‍ട്ടി കോര്‍ണറുകള്‍ ടീം നേടിയെടുത്തു. എന്നാല്‍, ഒന്നുപോലും മുതലാക്കാനായില്ല. അന്‍മോള്‍ എക്കയുടെ പാസില്‍ സ്കോര്‍ ചെയ്ത് 49-ാം മിനിറ്റില്‍ അങ്കിത് ഇന്ത്യന്‍ തിരിച്ചുവരവിന് തുടക്കമിട്ടു.

അഞ്ചാം പെനാള്‍ട്ടി കോര്‍ണറില്‍ മന്‍മീത് ഇന്ത്യയുടെ രണ്ടാംഗോള്‍ നേടി. തുടര്‍ന്ന് പെനാള്‍ട്ടി സ്‌ട്രോക്ക് ലക്ഷ്യത്തിലെത്തിച്ച് തിവാരി ഇന്ത്യക്ക് ലീഡ് നല്‍കി. രണ്ടു മിനിറ്റ് അവശേഷിക്കെ പെനാള്‍ട്ടി കോര്‍ണറിലൂടെ എക്ക ആതിഥേയരുടെ ജയമുറപ്പിച്ച് നാലാം ഗോളും സ്വന്തമാക്കി.