സിഎം കരയരുത്: വിതുമ്പിയ സതീശനെ ആശ്വസിപ്പിച്ച് കാർത്തികേയന്റെ ഭാര്യ സുലേഖ
മുന്‍ മന്ത്രി ജി.കാര്‍ത്തികേയന്റെ ഓർമകളിൽ വിതുമ്പിക്കരഞ്ഞ് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍. ശസ്തമംഗലത്തെ വീട്ടിൽ കാർത്തികേയന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. കെ.എസ്.ശബരീനാഥന്‍ സതീശനെ സ്വീകരിച്ചു. കാര്‍ത്തികേയന്റെ ഭാര്യ സുലേഖ ചേര്‍ത്തുപിടിച്ചപ്പോഴാണ് സതീശൻ വികാരാധീനനായത്.‘ചീഫ് മിനിസ്റ്റര്‍ അങ്ങനെ കരയരുത്, ചീഫ് മിനിസ്റ്റര്‍ക്ക് കരച്ചിലൊന്നും വരരുത്’ എന്നു പറഞ്ഞ് സുലേഖ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.
‘സാറല്ലേ എന്നെ എല്ലാം ആക്കിയത്, ഏറെ കടപ്പാടുള്ളത് സാറിനോടാണ്’ – സതീശന്‍ പറഞ്ഞു. ‘നമ്മുടെ പിള്ളേരെ പോലെയല്ലേ ഞങ്ങള്‍ക്കു നിങ്ങളും’ എന്നു പറഞ്ഞാണ് സുലേഖ അദ്ദേഹത്തെ സ്വീകരിച്ചത്. സുലേഖ അദ്ദേഹത്തെ ആശ്വസിപ്പിച്ച് വീടിനകത്തേക്കു കൊണ്ടുപോയി. തുടര്‍ന്ന് അവിടെ ഇരുന്നാണ് സംസാരിച്ചത്. കൊച്ചുമക്കള്‍ ഉള്‍പ്പെടെ കുടുംബാംഗങ്ങളെ പരിചയപ്പെടുത്തി. നടൻ ജഗദീഷും നിർമാതാവ് രഞ്ജിത്തും വീട്ടിലുണ്ടായിരുന്നു. എല്ലാവരുമായും കുശലാന്വേഷണം നടത്തിയാണ് സതീശന്‍ മടങ്ങിയത്.
