കരുണാനിധിയുടെ കൊച്ചുമകൾ ബാങ്ക് മാനേജറുടെ മുഖത്തടിച്ചു; കേസ്
തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ കൊച്ചുമകളും മുൻ കേന്ദ്രമന്ത്രി എം.കെ. അഴഗിരിയുടെ മകളുമായ കയൽവിഴിക്കെതിരെ എസ്.ബി.ഐ ശാഖാ മാനേജറെ മർദിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ചെന്നൈ അടയാറിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എൻ.ആർ.ഐ ശാഖയിലെ മാനേജരുടെ മുഖത്ത് കയൽവിഴി അടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ജൂലൈ 20നായിരുന്നു സംഭവം.
ബാങ്കിലെ സി.സി.ടി.വി കാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ ശനിയാഴ്ചയാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയാണ് കയൽവിഴി. കെട്ടിടത്തിലെ ലിഫ്റ്റ് ദിവസങ്ങളായി തകരാറിലായതിനാൽ ഇത് പരിഹരിക്കണമെന്ന് ശാഖാ മാനേജർ ഹർഷീൻ സിങ് ആവശ്യപ്പെട്ടിരുന്നു. പ്രശ്നം പരിഹരിക്കപ്പെടാത്തതിനെ തുടർന്ന് അദ്ദേഹം നേരിട്ട് കയൽവിഴിയെ ബന്ധപ്പെട്ടതോടെയാണ് തർക്കത്തിന് തുടക്കം.
തുടർന്ന് ബാങ്കിലെത്തിയ കയൽവിഴിയും മാനേജരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതോടെ മാനേജറുടെ ശരീരഭാഷയെ പരിഹസിക്കുകയും പെട്ടന്ന് അദ്ദേഹത്തിന്റെ മുഖത്ത് അടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന വ്യക്തി കയൽവിഴിയെ തടയാൻ ശ്രമിക്കുന്നതും സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്.
