ഐ.സി.സി റാങ്കിങ്; കോഹ്‌ലി നാലാമത്

ലോകകപ്പിന്റെ ആരവങ്ങൾ കെട്ടടങ്ങിയതിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഏകദിന ക്രിക്കറ്റ് റാങ്കിങ് പട്ടിക പുറത്തുവിട്ടു. ബാറ്റ്മാൻമാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇന്ത്യൻ ടീമിൽ നിന്നും 3 പേർ ഇടം നേടി.
 | 

ഐ.സി.സി റാങ്കിങ്; കോഹ്‌ലി നാലാമത്

ദുബായ്: ലോകകപ്പിന്റെ ആരവങ്ങൾ കെട്ടടങ്ങിയതിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഏകദിന ക്രിക്കറ്റ് റാങ്കിങ് പട്ടിക പുറത്തുവിട്ടു. ബാറ്റ്മാൻമാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇന്ത്യൻ ടീമിൽ നിന്നും 3 പേർ ഇടം നേടി.

ലോകകപ്പിൽ താരതമ്യേന മങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും ഇന്ത്യൻ ഉപനായകൻ വിരാട് കോഹ്‌ലി തന്നെയാണ് ഇന്ത്യൻ ബാറ്റ്‌സ്മാൻമാരിൽ മുന്നിൽ. നേരത്തെ ഉണ്ടായിരുന്ന നാലാം സ്ഥാനം കോഹ്‌ലി നിലനിർത്തി. രണ്ട് സെഞ്ച്വറികൾ ഉൽപ്പെടെ മികച്ച പ്രകടനം കാഴ്ചവെച്ച ശിഖർ ധവാൻ ആറാം സ്ഥാനത്തും ഇന്ത്യൻ നായകൻ എം.എസ് ധോണി എട്ടാമതും എത്തി.

ദക്ഷിണാഫ്രിക്കൻ നായകൻ എ.ബി. ഡിവില്ലിയേഴ്‌സിനാണ് ഒന്നാം സ്ഥാനം. ലോകകപ്പ് മത്സരത്തോടെ ക്രിക്കറ്റിൽ നിന്നും വിരമിച്ച ശ്രീലങ്കൻ താരം കുമാർ സംഗക്കാരയാണ് രണ്ടാം സ്ഥാനത്ത്. ലോകകപ്പിൽ 330 റൺസ് നേടിയ രോഹിത് ശർമ്മ, പാക്ക് നായകൻ മിസ്ബ ഉൾ ഹഖ്, സ്റ്റീവൻ സ്മിത്ത് എന്നിവർക്കൊപ്പം 12ാം സ്ഥാനം പങ്കിടുന്നു.

ടീം റാങ്കിങ്ങിൽ ലോകചാംപ്യന്മാരായ ഓസ്‌ട്രേലിയയാണ് ഒന്നാമത്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ന്യൂസീലൻഡ് ടീമുകൾ യഥാക്രമം രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലാണ്.

ഓസീസിന്റെ മിച്ചൽ സ്റ്റാർക്കാണ് ബോളർമാരുടെ പട്ടികയിൽ ഒന്നാമൻ. ദക്ഷിണാഫ്രിക്കയുടെ ഇമ്രാൻ താഹിർ രണ്ടാമതെത്തി. 11ാം സ്ഥാനത്തുള്ള മുഹമ്മദ് ഷമിയാണ് പട്ടികയിൽ മുന്നിലുള്ള ഇന്ത്യൻ ബോളർ. അശ്വിൻ പതിനാലും ഉമേഷ് യാദവ് 18 ഉം സ്ഥാനങ്ങളിലാണ്.

ഓൾറൗണ്ടർമാരുടെ പട്ടികയിൽ ശ്രീലങ്കയുടെ തിലകരത്‌ന ദിൽഷനാണ് ഒന്നാമത്. ബംഗ്ലദേശിന്റെ ഷാക്കിബ് അൽ ഹസൻ രണ്ടാമതെത്തി.