ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 12,000 റൺസ്; സച്ചിന്റെ റെക്കോർഡ് മറികടന്ന് സങ്കക്കാര

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 12,000 റൺസ് നേടിയെന്ന റെക്കോർഡ് ഇനി ശ്രീലങ്കൻ ബാറ്റ്സ്മാൻ കുമാർ സങ്കക്കാരയ്ക്ക് സ്വന്തം. ന്യൂസിലൻഡിനെതിരെ വെല്ലിംഗ്ടണിൽ നടക്കുന്ന മത്സരത്തിലാണ് സങ്കക്കാര ഈ നേട്ടം കൈവരിച്ചത്.
 | 

ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 12,000 റൺസ്; സച്ചിന്റെ റെക്കോർഡ് മറികടന്ന് സങ്കക്കാര

വെല്ലിംഗ്ടൺ: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 12,000 റൺസ് നേടിയെന്ന റെക്കോർഡ് ഇനി ശ്രീലങ്കൻ ബാറ്റ്‌സ്മാൻ കുമാർ സങ്കക്കാരയ്ക്ക് സ്വന്തം. ന്യൂസിലൻഡിനെതിരെ വെല്ലിംഗ്ടണിൽ നടക്കുന്ന മത്സരത്തിലാണ് സങ്കക്കാര ഈ നേട്ടം കൈവരിച്ചത്.

224 ഇന്നിംഗ്‌സുകളിൽ നിന്നുമാണ് സങ്കക്കാര 12,000 റൺസ് അടിച്ചു കൂട്ടിയത്. ന്യൂസിലൻഡിനെതിരെ ക്രൈസ്റ്റ് ചർച്ചിൽ ആദ്യ മത്സരം നടക്കുമ്പോൾ സങ്കക്കാര ആകെ നേടിയത് 11,988 റൺസായിരുന്നു. ശനിയാഴ്ച നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ 33 റൺസ് നേടിയതോടെ 12,000 എന്ന മതിൽക്കെട്ട് സങ്കക്കാര മറികടന്നു.

ഇതോടെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കറിന്റെ റെക്കോഡ് ഈ ഇടം കൈയ്യൻ ബാറ്റ്‌സ്മാൻ തകർത്തിരിക്കുകയാണ്. സച്ചിൻ ഈ നേട്ടം കൈവരിച്ചത് 247 ഇന്നിംഗ്‌സുകളിൽ നിന്നുമാണ്.

2000ലാണ് സങ്കക്കാരയുടെ ടെസ്റ്റ് കരിയർ ആരംഭിക്കുന്നത്. 130 ടെസ്റ്റ് മത്സരങ്ങൡ നിന്നും 37 സെഞ്ച്വറികൾ നേടി. ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ നേടിയ 319 റൺസാണ് ടെസ്റ്റിലെ ഉയർന്ന സ്‌കോർ.

2011 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയോട് പരാജപ്പെടുന്നതിനെ തുടർന്ന് ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും സങ്കക്കാര പിന്മാറിയിരുന്നു. തുടർന്ന് 2014ൽ ട്വന്റി-ട്വന്റിയിൽ നിന്നും അദ്ദേഹം വിരമിക്കുകയും ചെയ്തു. 2012 സെപ്റ്റംബർ 15ന് നടന്ന ഐ.സി.സി. പുരസ്‌കാരനിശയിൽ മൂന്ന് അവാർഡുകളാണ് സങ്കക്കാര സ്വന്തമാക്കിയത്. മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഗാരി സോബേഴ്‌സ് ട്രോഫി, ജനപ്രിയതാരം, 2011ലെ മികച്ച ടെസ്റ്റ്താരം എന്നീ അവാർഡുകളായിരുന്നു അത്.