ലണ്ടന്‍ വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അപമാനിച്ചതായി സംഗക്കാരയുടെ ട്വീറ്റ്
ലണ്ടന്‍: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുമാര് സംഗക്കാരയക്കും വര്ണ്ണ വിവേചനത്തില് നിന്ന് രക്ഷയില്ല. ലണ്ടനിലെ വിമാനത്താവളത്തില് ഇമിഗ്രേഷന് ഉദ്യോഗസ്ഥന് തടഞ്ഞുവച്ച് ചോദ്യം ചെയ്തതായി സംഗക്കാര തന്റെ ട്വിറ്ററില് കുറിച്ചു. കഴിഞ്ഞ പതിനഞ്ച് വര്ഷമായി ലണ്ടനില് പോകുന്ന ആളാണ് ശ്രീലങ്കന് ക്രിക്കറ്റ് താരം കുമാര് സംഗക്കാര. എന്നാല് അപ്പോഴൊന്നും കടന്നു പോകാത്ത വിധം കയ്പേറിയ അനുഭവമാണ് തനിയ്ക്ക് ഈയിടെ ഉണ്ടായതെന്നും സംഗക്കാര തന്റെ ട്വിറ്ററില് കുറിയ്ക്കുന്നു.
വെളളിയാഴ്ചയാണ് സംഭവം. എസെക്‌സ് സറെ ടീമുകള്‍ തമ്മിലുള്ള മത്സരത്തില്‍ സറെ ടീമിനുവേണ്ടി കളിക്കാനെത്തിയതായിരുന്നു സംഗക്കാര. ഒരാഴ്ച മുമ്പും മറ്റൊരു മത്സരത്തിനായി സംഗക്കാര ലണ്ടന്‍ സന്ദര്‍ശിച്ചിരുന്നു. വളരെ മോശമായാണ് ഉദ്യോഗസ്ഥന്‍ തന്നോട് പെരുമാറിയതെന്നും സംഗക്കാര കുറിയ്ക്കുന്നു. അവരുടെ സുരക്ഷാ ബോധത്തെ താന്‍ മാനിക്കുന്നു. പക്ഷേ അല്‍പ്പം മാന്യത മറ്റുളളവരോടും ആകാമെന്നും സംഗക്കാര പറയുന്നു.
അതേസമയം മറ്റുളള ഉദ്യോഗസ്ഥര്‍ തന്നോടും സംഘത്തോടും ഏറെ സ്‌നേഹത്തോടെ പെരുമാറിയതായും അദ്ദേഹം വ്യക്തമാക്കുന്നു. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്റെ പെരുമാറ്റം വര്‍ണവെറിയുടെ ഉദാഹരണമാണെന്ന സൂചന തന്നെയാണ് സംഗക്കാര തന്റെ ട്വീറ്റിലൂടെ പങ്ക് വയ്ക്കുന്നത്.