ട്വന്റി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലസിത് മലിം​ഗ

 | 
malinga

ട്വന്റി20 ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ശ്രീലങ്കൻ പേസ് ബൗളർ ലസിത് മലിം​ഗ. ഇതോടെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും മലിം​ഗ പിൻവാങ്ങുകയായി. നേരത്തെ 2011ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും 2019ൽ ഏകദിന ക്രിക്കറ്റിൽ നിന്നും അദേഹം വിരമിച്ചിരുന്നു. 295 ടി20 മത്സരങ്ങളിൽ നിന്നായി 390 വിക്കറ്റുകളാണ് മലിം​ഗ നേടിയിട്ടുള്ളത്. ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്നു അദേഹം. ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്നും ഈ ജനുവരിയിൽ അദേഹം വിരമിച്ചിരുന്നു. 

വ്യത്യസ്തതയാർന്ന ബൌളിംഗ് ആക്ഷനാണ് മലിംഗയെ ആദ്യം ശ്രദ്ധേയനാക്കിയത്. അതോടൊപ്പം മികച്ച വേഗതയും അദേഹത്തെ ബാറ്റർമാരുടെ പേടിസ്വപ്നമാക്കി. ട്വന്‍റി20യില്‍ ആദ്യമായി നൂറുവിക്കറ്റ് തികക്കുന്ന പന്തേറുകാരുനും മലിംഗയായിരുന്നു. "ഇന്ന് എനിക്ക് വളരെ സവിശേഷമായ ദിവസമാണ്. എന്റെ ടി20 കരിയറിൽ എന്നെ പിന്തുണച്ച നിങ്ങൾ ഓരോരുത്തരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ന് എന്റെ ടി 20 ബോളിംഗ് ഷൂസിന് 100 ശതമാനം വിശ്രമം നൽകാൻ ഞാൻ തീരുമാനിച്ചു," അദ്ദേഹം പറഞ്ഞു. "ശ്രീലങ്ക ക്രിക്കറ്റ് ബോർഡ്, മുംബൈ ഇന്ത്യൻസ്, മെൽബൺ സ്റ്റാർസ്, കെന്റ് ക്രിക്കറ്റ് ക്ലബ്, രംഗ്പൂർ റൈഡേഴ്സ്, ഗയാന വാരിയേഴ്സ്, മറാത്ത വാരിയേഴ്സ്, മോൺട്രിയൽ ടൈഗേഴ്സ് എന്നിവരോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്ന യുവ ക്രിക്കറ്റ് കളിക്കാർക്കും അവരുടെ ദേശീയ ടീമിനുമായി എന്റെ അനുഭവം പങ്കിടാൻ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നു."എന്റെ ഷൂസ് വിശ്രമിക്കുമ്പോൾ, കളിയോടുള്ള എന്റെ സ്നേഹം ഒരിക്കലും വിശ്രമം ആവശ്യപ്പെടില്ല. നമ്മുടെ ചെറുപ്പക്കാർ ചരിത്രം സൃഷ്ടിക്കുന്നത് കാണാൻ കാത്തിരിക്കുന്നു." മലിംഗ പറഞ്ഞു.

ഉടന്‍ തന്നെ പരിശീലക  വേഷത്തില്‍ ലസിത് മലിംഗയെ കാണാനുള്ള സാധ്യതയിലേക്കാണ് അദേഹത്തിന്‍റെ വാക്കുകള്‍ വിരല്‍ചൂണ്ടുന്നത്. 
എക്കാലത്തെയും മികച്ച ടി 20 ബൗളർമാരിൽ ഒരാളായ മലിംഗ, ഇന്ത്യൻ പ്രീമിയർ ലീഗ്, ബിഗ് ബാഷ് ലീഗ്, കരീബിയൻ പ്രീമിയർ ലീഗ്, മറ്റ് ഫ്രാഞ്ചൈസി ടൂർണമെന്റുകൾ എന്നിവയിൽ പ്രതിനിധീകരിച്ച ടീമുകളിലെയെല്ലാം താരമായിരുന്നു. . മുംബൈ ഇന്ത്യൻസിനൊപ്പം അഞ്ച് ഐപിഎൽ ചാമ്പ്യൻഷിപ്പ് വിജയങ്ങളിൽ നാലിന്റെ ഭാഗമായിരുന്നു. പക്ഷേ 2020 ടൂർണമെന്റിൽ നിന്ന് അദ്ദേഹം വിട്ടുനിന്നു.