ശസ്ത്രക്രിയയ്ക്ക് ശേഷം കാലുകള്‍ തളര്‍ന്നു; ക്രിസ് കെയിന്‍സിന്റെ ചികിത്സ നീളുമെന്ന് ബന്ധുക്കള്‍

 | 
chris cairns

ന്യൂസിലാന്‍ഡ് മുന്‍ ഓള്‍ റൗണ്ടര്‍ ക്രിസ് കെയിന്‍സിന്റെ ഇരു കാലുകളും തളര്‍ന്നതായി ബന്ധുക്കള്‍. മേജര്‍ ആര്‍ട്ടറിയില്‍ കീറല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് താരത്തിന് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. ഇത് പരിഹരിക്കാന്‍ നടത്തിയ അടിയന്തര ശസ്ത്രക്രിയയ്ക്കിടെ കെയിന്‍സിന് സ്‌ട്രോക്ക് ഉണ്ടായതായും ഇരുകാലുകളുടെയും സ്വാധീനം നഷ്ടമായതായും ബന്ധുക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 

ഈ മാസം സിഡ്‌നിയില്‍ വെച്ചാണ് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായത്. കാലുകള്‍ക്ക് ചലനശേഷി വീണ്ടെടുക്കണമെങ്കില്‍ ഇനിയും ചികിത്സകള്‍ ആവശ്യമാണ്. ഓസ്‌ട്രേലിയയിലെ ഒരു സ്‌പെഷ്യലിസ്റ്റ് സ്‌പൈനല്‍ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിക്കും. 51കാരനായ കെയിന്‍സ് 2000ന് മുന്‍പ് ലോകത്തെ മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു. 

1989 മുതല്‍ 2004 വരെ നീണ്ട കരിയറില്‍ 62 ടെസ്റ്റുകള്‍ അദ്ദേഹം കളിച്ചു. ബൗളിംഗില്‍ 29.4ഉം ബാറ്റിംഗില്‍ 33.53മാണ് അദ്ദേഹത്തിന്റെ ആവറേജ്. 87 സിക്‌സുകള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഇത് ലോക റെക്കോര്‍ഡായിരുന്നു. ഒത്തുകളി വിവാദത്തില്‍ രണ്ടു കേസുകള്‍ കെയിന്‍സിന് എതിരായി വന്നുവെങ്കിലും പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു.