ശ്രീശാന്തിന്റെ വിലക്ക് നീക്കില്ലെന്ന് ബി.സി.സി.ഐ
ന്യൂഡൽഹി: ഐ.പി.എൽ വാതുവയ്പ്പ് കേസിൽ കുറ്റവിമുക്തനായ മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ വിലക്ക് നീക്കില്ല. ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് ഠാക്കൂർ അറിയിച്ചതാണ് ഇക്കാര്യം. ഐ.പി.എൽ വാതുവയ്പ്പു കേസിൽ നടപടി നേരിട്ട ശ്രീശാന്ത് ഉൾപ്പെടെയുള്ള താരങ്ങളുടെ വിലക്ക് തുടും. വിലക്കേർപ്പെടുത്തിയത് അച്ചടക്ക സമിതിയാണ്. കോടതി നടപടിയുമായി ഇതിന് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഡൽഹിയിലെ പട്യാല ഹൗസ് കോടതി കേസിൽ എല്ലാവരേയും കുറ്റവിമുക്തരാക്കിയത്. തുടർന്ന് തനിക്കെതിരായ വിലക്ക് നീക്കുമെന്നാണ് പ്രതീക്ഷയെന്നും കളിക്കളത്തിലേക്ക് തിരിച്ച് വരാൻ ആഗ്രഹമുണ്ടെന്നും ശ്രീശാന്ത് പ്രതികരിച്ചിരുന്നു. വിലക്ക് നീക്കുന്നതിനായി കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. മാത്യു ബി.സി.സി.ഐക്ക് കത്തയച്ചിരുന്നു.
ബി.സി.സി.ഐ.യുടെ അഴിമതി വിരുദ്ധ വിഭാഗം തലവൻ രവി സവാനിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നത്. പ്രത്യേക കോടതി വിധിക്കെതിരെ ഡൽഹി പോലീസ് ഹൈക്കോടതിയിൽ അപ്പീൽ നൽകുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. അതുകൊണ്ട് തന്നെ തിരിച്ചുവരവിനായി അൽപം കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.
മൊഹാലിയിൽ വച്ച് 2013 മേയിൽ കിങ്‌സ് ഇലവൻ പഞ്ചാബുമായി നടന്ന മത്സരത്തിൽ വാതുവെപ്പുകാരുമായുള്ള കരാറനുസരിച്ച് പതിനാല് റൺസിലേറെ ശ്രീശാന്ത് വിട്ടുകൊടുത്തുവെന്നാണ് ഡൽഹി പോലീസ് പറയുന്നത്. ഈ കണ്ടെത്തലുകൾ കോടതി തള്ളുകയായിരുന്നു. ഐപിഎൽ കേസിലെ കുറ്റപത്രവും കോടതി റദ്ദാക്കി.