ലെസ്റ്ററിന് മുന്നിൽ വീണ് ലിവർപൂൾ; വെസ്റ്റ്ഹാമിന് ജയം, ടോട്ടനത്തിന് സമനില

 | 
footbal

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ അജയ്യതയോടെ കുതിക്കുന്ന ലിവർപൂളിന് അപ്രതീക്ഷിത തോൽവി. ലെസ്റ്റർ സിറ്റിയാണ് എതിരില്ലാത്ത ഒരു ​ഗോളിന് ലിവർപൂളിനെ പരാജയപ്പെടുത്തിയത്. പ്രീമിയർ ലീ​ഗിലെ സീസണിലെ 19 മത്സരങ്ങൾക്കിടയിലെ രണ്ടാം തോൽവിയാണ് ലിവർപൂളിന് ഇത്. ഇതോടെ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം 6 ആയി വർദ്ധിച്ചു. 

കിം​ഗ് പവർ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ  മുഹമ്മദ് സല 15ാം മിനിറ്റിൽ കിട്ടിയ  പെനാൽറ്റി പാഴാക്കി. 56ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ അഡമോല ലുക്ക്മാനാണ് മൂന്ന് മിനിറ്റുകൾക്കപ്പുറം ലെസ്റ്ററിന്റെ വിജയ ​ഗോൾ നേടിയത്. 18 കളിയിൽ നിന്നും ലെസ്റ്ററിന് 25 പോയിന്റാണ് ഉള്ളത്. 

പത്ത് പേരുമായി പൊരുതിയ സൗത്താംപ്റ്റൺ ടോട്ടനം ഹോട്ട്സ്പർസിനെ സമനിലയിൽ കുരുക്കി. രണ്ടു ടീമും ഓരോ ​ഗോളുകൾ വീതം നേടി. ജെയിംസ് വാർഡ് പ്രൈസ് 25ാം മിനിറ്റിൽ സൗത്താംപ്റ്റണെ മുന്നിലെത്തിച്ചു. 39ാം മിനിറ്റിൽ മുഹമ്മദ് സാലിസു ചുവപ്പ് കാർഡ് കണ്ട് പുറത്തായി. സൺ മിന്നിനെ ഫൗൾചെയ്തതിന് കിട്ടിയ ഈ പെനാൽറ്റി ഹാരി കെയിൻ ​ഗോളാക്കി മാറ്റി. പിന്നീട് നിരവധി അവസരങ്ങൾ ഉണ്ടായെങ്കിലും ടോട്ടനത്തിന് ​ഗോളടിക്കാനായില്ല.

വാറ്റ്ഫാഡിനെതിരെ ഒന്നിനെതിരെ നാല് ​ഗോളുകൾക്കാണ് വെസ്റ്റ്ഹാം വിജയിച്ചത്. ഇമാനുവൽ ഡെന്നീസിലൂടെ വാറ്റ്ഫോഡ് മുന്നിലെത്തിയെങ്കിലും സോസേക്ക്, ബെൻ‍റഹ്മ, നോബിൾ, വ്ലാസിച്ച് എന്നിവര് വെസ്റ്റാമിന്റെ ജയം ഉറപ്പിച്ചു.