ലോഡ്‌സ് ടെസ്റ്റ്: ഇന്ത്യ 364ന് പുറത്ത്

കെ.എൽ രാഹുൽ 129. ആൻഡേഴ്‌സണ് 5 വിക്കറ്റ്.
 | 
Indian cricket team

ഇഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ ഒന്നാം ഇന്നിഗ്‌സിൽ 364ന് പുറത്തായി. ആദ്യ ദിനം ഇന്ത്യൻ ബാറ്റർമാർ തിളങ്ങിയപ്പോൾ രണ്ടാം ദിനം ഇംഗ്ലീഷ് ബൗളർമാർ തിളങ്ങി. 400 മുകളിൽ ഒരു സ്കോർ പ്രതീക്ഷിച്ച ഇന്ത്യക്ക് അത് നേടാൻ കഴിഞ്ഞില്ല.രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് എന്ന നിലയിൽ ആണ്. 

ജിമ്മി ആൻഡേഴ്‌സൺ വീഴ്ത്തിയ അഞ്ചു വിക്കറ്റുകൾ ആണ് ഇന്ത്യയെ 400ന് അകത്തു തളച്ചിടാൻ ഇംഗ്ലണ്ടിനെ സഹായിച്ചത്. രണ്ടാം ദിനം തുടക്കത്തിൽ തന്നെ ക്രീസിൽ ഉണ്ടായിരുന്ന കെ.എൽ. രാഹുൽ, അജിങ്ക്യ രഹാനെ എന്നിവർ പുറത്തായി. 3 വിക്കറ്റിന് 276 എന്ന നിലയിൽ കളി തുടങ്ങിയ ഇന്ത്യ രണ്ടു റൺസ് ചേർക്കുന്നതിന് ഇടയിൽ രാഹുലിന്റെ വിക്കറ്റ് നഷ്ട്ടമായി. 129 റൺസ് എടുത്തു നിൽക്കെ റോബിൻസണ്ണിന്റെ പന്തിൽ സിബിലി പിടിച്ചാണ് രാഹുൽ പുറത്തായത്. തൊട്ടു പിന്നാലെ രഹാനെയും(1) മടങ്ങി. പിന്നീട് പന്ത്(37) ജഡേജ (40) സഖ്യം ചെറുത്തുനിൽപ്പ് നടത്തി. എന്നാൽ വാലറ്റം കാര്യമായി ഒന്നും ചെയ്തില്ല. 
ഇംഗ്ലണ്ടിന് വേണ്ടി റോബിൻസൺ, മാർക്ക് വുഡ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. 

ഒന്നാം ഇന്നിങ്സ് ഇംഗ്ലണ്ട് കരുതലോടെ തുടങ്ങി എങ്കിലും രണ്ടു വിക്കറ്റുകൾ പെട്ടന്ന് വീണത് ആതിഥേയരെ സമ്മർദത്തിൽ ആക്കി. ഓപ്പണർ ഡൊമനിക്ക് സിബിലി 11റൺസിനും മൂന്നാമൻ ഹസീബ് ഹമീദ് പൂജ്യത്തിനു പുറത്തായി. രണ്ടു വിക്കറ്റും സിറാജ് ആണ് വീഴ്ത്തിയത്. എന്നാൽ റോയ് ബേൺസും നായകൻ റൂട്ടും ചേർന്ന് കളി തങ്ങളുടേതാക്കി. രണ്ടാം ദിനം കളി അവസാനിക്കാൻ നിൽക്കെയാണ് മുഹമ്മദ് ഷാമി ബേൺസിനെ (49) പുറത്താക്കുന്നത്.  രണ്ടാം ദിനം 
അവസാനിക്കുമ്പോൾ നായകൻ ജോ റൂട്ടും (48*) ബെയർസ്റ്റോ(6*) ആണ് ക്രീസിൽ. 

സ്കോർ ഇതുവരെ. 
ഇന്ത്യ 364/10
ഇംഗ്ലണ്ട് 119/3