ധോണിക്ക് റെക്കോർഡ്

ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്ക് പുതിയ റെക്കോർഡ്.
 | 
ധോണിക്ക് റെക്കോർഡ്

 

ഹാമിൽട്ടൺ: ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്ക് പുതിയ റെക്കോർഡ്. ലോകകപ്പിൽ ഏറ്റവുമധികം മൽസരങ്ങളിൽ തുടർച്ചയായി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതിന്റെ റെക്കോർഡാണ് ധോണി സ്വന്തമാക്കിയത്. ലോകകപ്പിൽ എട്ട് മൽസരങ്ങളിൽ ഇന്ത്യയെ തുടർച്ചയായി വിജയിപ്പിച്ച സൗരവ് ഗാംഗുലിയുടെ റെക്കോർഡാണ് ഒമ്പതാം മൽസര വിജയത്തോടെ ധോണി തിരുത്തിയെഴുതിയത്. 2003 ലോകകപ്പിലായിരുന്നു സൗരവ് ഗാംഗുലി ഈ നേട്ടം കൈവരിച്ചത്.

ഇന്ന് അയർലൻഡിനെതിരായ ജയത്തോടെ ഈ ലോകകപ്പിൽ തുടർച്ചയായ അഞ്ചാം ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 2011 ൽ ലോകകപ്പ് ക്വാർട്ടറിൽ ഓസ്‌ട്രേലിയയെയും സെമിയിൽ പാകിസ്ഥാനെയും കലാശപ്പോരിൽ ശ്രീലങ്കയെയും തോൽപ്പിച്ച് തുടങ്ങിയ ജൈത്രയാത്രയാണ് ടീം ഇന്ത്യ ഇപ്പോഴും തുടരുന്നത്. ഈ ലോകകപ്പിൽ പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, യു.എ.ഇ, വെസ്റ്റിൻഡീസ്, അയർലൻഡ് എന്നീ ടീമുകളെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

ഇത് കൂടാതെ ലോകകപ്പിൽ തുടർച്ചയായി അഞ്ച് മത്സരങ്ങളിലും എതിരാളികളെ ഓൾഔട്ടാക്കിയ ടീം എന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കി. അയർലൻഡിന് പുറമെ ആദ്യ മത്സരത്തിൽ പാകിസ്താനെയും തുടർന്ന് ദക്ഷിണാഫ്രിക്കയെയും യു.എ.ഇയെയും നാലാം മത്സരത്തിൽ വെസ്റ്റിൻഡീസിനെയുമാണ് ഇന്ത്യൻ ബൗളർമാർ ഓൾഔട്ടാക്കിയത്.