ബ്രൈറ്റണെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി

 | 
City

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ബ്രൈറ്റൻ ആൻഡ് ഹോവ് അൽബിയോണിനെതിരേ തകർപ്പൻ ജയം. ഫാൽമറിൽ നടന്ന കളിയിൽ ആദ്യ പകുതിയിൽ തന്നെ സിറ്റി 3 ഗോൾ നേടി. രണ്ടാം പകുതി ഉജ്ജ്വലമായി കളിച്ച സീഗുൾസിന് ഒരു ഗോൾ നേടാനെ കഴിഞ്ഞുള്ളൂ. രണ്ട് ഗോൾ നേടിയ ഫിൽ ഫോഡൻ ആണ് സിറ്റിയുടെ താരം.

കളിയുടെ 10ആം മിനിറ്റിൽ ഗോൾ എന്ന് ഉറപ്പിച്ച ജിസൂസിന്റെ  ഒരു ഷോട്ട് അത്ഭുതകരമായി ഡിഫൻഡർ ലൂവിസ് ഡങ്ക് രക്ഷപെടുത്തി. എന്നാൽ മൂന്ന് മിനിട്ടുകൾക്ക് ഇപ്പുറം ഗോൾകീപ്പർ റോബർട്ട് സാഞ്ചസ് തടുത്തിട്ട ഒരു ഷോട്ട് ബെർണാഡോ സിൽവ ഇൽകെ ഗുണ്ടോഗന് നൽകി. അദ്ദേഹം അത് ഗോൾ ആക്കി മാറ്റി.
 
28 മിനിറ്റിൽ ഗ്രീലീഷിന്റെ ക്രോസ്സ് വലയിലെത്തിച്ച ഫോഡൻ ലീഡ് ഉയർത്തി. മൂന്ന് മിനിട്ടുകൾക്ക് ശേഷം ജിസൂസ് ഗോൾ നേടി. പക്ഷെ ഷോട്ട് ഫോഡന്റെ കാലിൽ ഉരസി പോയതിനാൽ ഗോൾ ഫോഡന് അനുവദിച്ചു.

രണ്ടാമത്തെ പകുതിയിൽ സിറ്റി കീപ്പർ എഡേഴ്സനെ ബ്രൈറ്റൺ കാര്യമായി പരീക്ഷിച്ചു. 81ആം മിനിറ്റിൽ എഡേഴ്‌സൺ വഴങ്ങിയ പെനാൽറ്റി അലക്സിസ് മാക്സ് അലിസ്റ്റർ ഗോൾ ആക്കി മാറ്റി. പകരക്കാരൻ ആയി ഇറങ്ങിയ റിയാദ് മഹറസ് ആണ് സിറ്റിയുടെ നാലാം ഗോൾ നേടിയത്.

ലീഗിലെ മറ്റ് കളികളിൽ വാറ്റ്ഫോഡ് രണ്ടിനെതിരെ 5 ഗോളുകൾക്ക് എവർട്ടണെ തോൽപ്പിച്ചു. ജോഷ്വ കിംഗ്‌ ഹാട്രിക് നേടി. സൗത്താംപ്റ്റൺ- ബേർണലി മത്സരവും (2-2) ക്രിസ്റ്റൽ പാലസ്- ന്യൂകാസിൽ മത്സരവും (1-1) ലീഡ്സ്-വൂൾഫ്‌സ് മത്സരവും (1-1) സമനിലയിൽ പിരിഞ്ഞു.