ബലാത്സംഗകേസിൽ മാഞ്ചസ്റ്റർ സിറ്റി താരം ബെഞ്ചമിൻ മെൻഡി അറസ്റ്റിൽ. സസ്പെൻഡ് ചെയ്തതായി ക്ലബ്ബ്

 | 
Mendy

ബലാത്സംഗം, ലൈംഗിക അധിക്ഷേപം എന്നീ കുറ്റങ്ങൾക്ക് മാഞ്ചസ്റ്റർ സിറ്റി താരം ബെഞ്ചമിൻ മെൻഡി അറസ്റ്റിലായി.  ബെഞ്ചമിൻ മെൻഡിയ്‌ക്കെതിരെ നാല് ബലാത്സംഗ കേസുകളും ഒരു ലൈംഗികാതിക്രമ കേസും ചുമത്തിയിട്ടുണ്ടെന്ന് ചെഷയർ പോലീസ് പറഞ്ഞു.

27 കാരനായ മെൻഡി വെള്ളിയാഴ്ച കോടതിയിൽ ഹാജരാകണം, അന്വേഷണം നടക്കുന്നതുവരെ സിറ്റി ഇയാളെ സസ്പെൻഡ് ചെയ്തു.16 വയസ്സിന് മുകളിലുള്ള മൂന്ന് പരാതിക്കാരുമായി ബന്ധപ്പെട്ടതാണ് ഈ കുറ്റകൃത്യമെന്നും കഴിഞ്ഞ വർഷം ഒക്ടോബറിനും ഈ മാസത്തിനുമിടയിൽ സംഭവിച്ചതായാണ് ആരോപണം.
ചെസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്നതിനുമുമ്പ് ഫ്രാൻസ് താരത്തെ  റിമാൻഡ് ചെയ്തു.

 2017 ൽ ആണ് മൊണാക്കോയിൽ നിന്ന് മെൻഡി സിറ്റിയിൽ ചേർന്നത്.  അതിനുശേഷം മൂന്ന് പ്രീമിയർ ലീഗ് കിരീടം നേടിയ സ്ക്വാഡുകളുടെ ഭാഗമായിരുന്നു, കൂടാതെ ഇംഗ്ലീഷ് ലീഗ് കപ്പ് രണ്ട് തവണ ഉയർത്തി.

 മാഞ്ചസ്റ്റർ സിറ്റി ഇതുമായി ബന്ധപ്പെട്ട് ഒരു പ്രസ്താവന പുറത്തിറക്കി.    "പോലീസ് കുറ്റം ചുമത്തിയതിനെ തുടർന്ന്, ബെഞ്ചമിൻ മെൻഡിയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി സ്ഥിരീകരിക്കുന്നു. ഈ വിഷയം നിയമപരമായ പ്രക്രിയയ്ക്ക് വിധേയമാണ്, അതിനാൽ ആ പ്രക്രിയ പൂർത്തിയാകുന്നതുവരെ ക്ലബിന് കൂടുതൽ അഭിപ്രായം പറയാൻ കഴിയില്ല."

 നാല് വർഷം മുമ്പ് സിറ്റിയിലെത്തിയതു മുതൽ, പരിക്കുകൾ മെൻഡിയുടെ  കൂടെ ഉണ്ടായിരുന്നു. 2018-19 സീസണിൽ കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായി.10 തവണ ഫ്രാൻസിനായി കളിക്കുകയും 2018 ൽ ലോകകപ്പ് നേടുകയും ചെയ്ത മെൻഡി, പ്രീമിയർ ലീഗ് സീസണിന്റെ ആദ്യ  കളിയിൽ ടോട്ടൻഹാമിനെതിരെ കളിച്ചെങ്കിലും കഴിഞ്ഞ വാരാന്ത്യത്തിൽ നോർവിച്ചിനെതിരെ കളിച്ചില്ല.