തകർപ്പൻ ജയം; ന്യൂസിലാൻഡ് സെമിയിൽ
വെല്ലിംഗ്ടൺ: ലോകകപ്പ് ക്രിക്കറ്റ് അവസാന ക്വാർട്ടർ ഫൈനലിൽ വെസ്റ്റിൻഡീസിനെതിരെ 143 റൺസിന്റെ തകർപ്പൻ ജയവുമായി ന്യൂസിലാൻഡ് സെമിയിൽ കടന്നു. മാർച്ച് 24ന് ഓക്ക്ലൻഡിൽ നടക്കുന്ന ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്കയാണ് ന്യൂസിലാൻഡിന്റെ എതിരാളികൾ. ന്യൂസിലാൻഡ് ഉയർത്തിയ 394 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസ് 30.3 ഓവറിൽ 250 റൺസിന് പുറത്താകുകയായിരുന്നു. സ്‌കോർ- ന്യൂസിലാൻഡ് 50 ഓവറിൽ ആറിന് 393, വെസ്റ്റിൻഡീസ് 30.3 ഓവറിൽ 250 റൺസിന് ഓൾ ഔട്ട്
കൂറ്റൻ സ്‌കോർ പടുത്തുയർത്തിയ ന്യൂസിലാൻഡിനു മുന്നിൽ വിജയം നേടുകയെന്നത് വെസ്റ്റിൻഡീസിന് വെല്ലുവിളിയായിരുന്നു. 33 പന്തിൽ നിന്നും 61 റൺസെടുത്ത ക്രിസ് ഗെയ്ൽ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ഗെയ്‌ലിന്റെ ബാറ്റിൽ നിന്നും 8 സിക്‌സറുകളും രണ്ട് ബൗണ്ടറികളും പിറന്നു.
മിൽനെയുടെ പന്തിൽ ക്ലീൻ ബൗൾഡായി ഗെയ്ൽ പുറത്തായതോടെ വിൻഡീസിന്റെ നില പരുങ്ങലിലായി. ജൊനാഥൻ കാർട്ടർ(32), ജേസൻ ഹോൾഡർ(42), ഡാരൻ സമി(27) എന്നിവരുടെ ബാറ്റിംഗ് വെസ്റ്റിൻഡീസ് പരാജയത്തിന്റെ ആക്കം കുറയ്ക്കാൻ സഹായിച്ചു. ന്യൂസിലാൻഡിന് വേണ്ടി ട്രെന്റ് ബൗൾട്ട് 4 വിക്കറ്റും ടിം സൗത്തി, ഡാനിയൽ വെട്ടോറി എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാൻഡ് തുടക്കം മുതൽ മികച്ച ഫോമിലായിരുന്നു. മാർട്ടിൻ ഗുപ്ടിൽ നേടിയ ഇരട്ട സെഞ്ച്വറിയാണ് കിവീസിന്റെ നില സുരക്ഷിതമാക്കിയത്. 163 പന്തിൽ നിന്നും 11 സിക്‌സും 24 ബൗണ്ടറികളുമായി 237 റൺസാണ് ഗുപ്ടിൽ അടിച്ചെടുത്തത്. ഗുപടിൽ തന്നെയാണ് മാൻ ഓഫ് ദി മാച്ച്. ഗുപ്ടിൽ കഴിഞ്ഞാൽ 42 റൺസെടുത്ത റോസ് ടെയ്‌ലറും 33 റൺസെടുത്ത കെയ്ൻ വില്യംസണും 27 റൺസെടുത്ത ഗ്രാന്റ് എലിയട്ടുമാണ് കീവീസ് ഇന്നിംഗ്‌സിൽ തിളങ്ങിയത്. വെസ്റ്റിൻഡീസിനുവേണ്ടി ജെറോം ടെയ്‌ലർ മൂന്നും ആന്ദ്രേ റസൽ രണ്ടും വിക്കറ്റുകളും വീഴ്ത്തി.