ഇരട്ട ഗോളുമായി മെസ്സി,സല,മെഹറസ്,വിനീഷ്യസ് ജൂനിയർ,ഗ്രീസ്മാൻ; ചാമ്പ്യൻസ് ലീഗിൽ ഗോൾ മഴ

പിഎസ്‌ജി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് റെഡ്ബുൾ ലെപ്സിഗിനെയാണ് തോൽപ്പിച്ചത്. ഒരു പെനാൽറ്റി ഉൾപ്പടെ മെസ്സി 2 ഗോൾ നേടി. അതിൽ പെനാൽറ്റി ഗോൾകീപ്പറെ കബളിപ്പിച്ച ഒരു പനേക കിക്ക് ആയിരുന്നു. കിലിയൻ എംബപ്പേയും ഗോൾ നേടി. ഇതോടെ ചാമ്പ്യൻസ് ലീഗിൽ 37 വ്യത്യസ്ത ടീമുകൾക്ക് എതിരെ മെസ്സി ഗോൾ നേടി.
അത്‌ലറ്റികോ മാഡ്രിഡുമായുള്ള ആവേശകരമായ കളിയിൽ 2 നെതിരേ 3 ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചത്. 8, 13 മിനിറ്റുകളിൽ ഗോൾ നേടി ലിവർപൂൾ മുന്നിൽ എത്തിയെങ്കിലും ഗ്രീസ്‌മാന്റെ ഇരട്ട ഗോളുകൾ മാഡ്രിഡ് ടീമിനെ ഒപ്പം എത്തിച്ചു. രണ്ടാം പകുതിയിൽ ഗ്രീസ്മാൻ ചുവപ്പ് കാർഡ് കണ്ട് പുറത്തു പോയി. 78ആം മിനിറ്റിൽ കിട്ടിയ പെനാൽറ്റി ഗോൾ ആക്കി സല തന്റെ രണ്ടാം ഗോളും ടീമിന്റെ വിജയവും ഉറപ്പാക്കി. നാബി കെയ്റ്റയും ലിവർപൂളിന് വേണി ഗോൾ നേടി. തുടർച്ചയായ 9 കളിയിൽ ഗോളടിക്കുന്ന ആദ്യ ലിവർപൂൾ താരമായി സല മാറി.
ക്ലബ്ബ് ബ്രൂഗ്സിനെ ഒന്നിനെതിരെ അഞ്ചു ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചത്. ഒരു പെനാൽറ്റി ഉൾപ്പടെ റിയാദ് മെഹറസ് 2 ഗോൾ നേടിയപ്പോൾ ജോ കാൻസലോ, കെയിൽ വാക്കർ, കൗമാര താരം കോൾ പാൽമർ എന്നിവർ ഗോൾ അടിച്ചു.
എതിരില്ലാത്ത 5 ഗോളിനാണ് റയൽ മാഡ്രിഡ് ഷക്തറിനെ തോൽപ്പിച്ചത്. 2 ഗോൾ നേടി വിനീഷ്യസ് ജൂനിയർ തിളങ്ങിയപ്പോൾ കരീം ബെൻസമ, റോഡ്രിഗോ എന്നിവർ ഓരോ ഗോൾ നേടി. ഒരു ഗോൾ സെൽഫ് ഗോൾ ആയിരുന്നു. ഇതേ ഗ്രൂപ്പിൽ ഇന്റർ മിലാൻ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് എഫ്‌സി ഷെറിഫിനെ തോൽപ്പിച്ചു.
പോർട്ടോ എതിരില്ലാത്ത ഒരു ഗോളിന് എസി മിലാനേയും അയാക്സ് എതിരില്ലാത്ത 4 ഗോളിന് ബൊറൂസിയ ഡോർട്ട്മുണ്ടിനേയും തോൽപ്പിച്ചു. സ്പോട്ടിങ് സിപി ഒന്നിനെതിരെ നാല് ഗോളുകൾക്ക് ബെസിക്റ്റസിനെ തകർത്തു.