മൈക്കിള്‍ ഷൂമാക്കറിന്റെ സ്വകാര്യ വിമാനവും അവധിക്കാല വസതിയും വിറ്റു
ബര്‍ലിന്‍: കാറോട്ട ഇതിഹാസം മൈക്കിള് ഷൂമാക്കറിന്റെ സ്വകാര്യ വിമാനവും അവധിക്കാല വസതിയും വിറ്റതായി ജര്മന് മാധ്യമങ്ങളുടെ റിപ്പോര്ട്ട്. ഭാര്യ കോറിനയാണ് ഷൂമാക്കറിന്റെ വസ്തുക്കള് വിറ്റതെന്നും റിപ്പോര്ട്ടുകള് പറയുന്നു. ഇവയൊന്നും ഇനി തന്റെ ഭര്ത്താവിന് ആവശ്യമില്ലെന്ന് കരുതിയാണ് ഇവര് ഇതെല്ലാം വിറ്റതെന്നാണ് വിശദീകരണം.
2013ഡിസംബറിലുണ്ടായ വീഴ്ചയെത്തുടര്‍ന്ന് തലച്ചോറിന ഗുരുതരമായി പരിക്കേറ്റ ഷൂമാക്കര്‍ ഇനിയും സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നിട്ടില്ല. 250 ലക്ഷം യൂറോയ്ക്കാണ് ഷൂമാക്കറിന്റെ വിമാനം വിറ്റത്. നോര്‍വെയിലുളള അവധിക്കാല വസതിയ്ക്ക് എന്ത് വിലയാണ് ലഭിച്ചതെന്ന കാര്യം വ്യക്തമല്ല. ഫ്രാന്‍സിലെ ആല്‍പ്‌സിലുളള മറ്റൊരു കെട്ടിടം കൂടി ഉടന്‍ വിറ്റേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ആഴ്ച തോറും ഷൂമാക്കറുടെ ചികിത്സാ ബില്ലടയ്ക്കാന്‍ ഒരുലക്ഷം പൗണ്ട് വേണമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എഴുന്നേല്‍ക്കാനോ നടക്കാനോ സംസാരിക്കാനോ കഴിയാത്ത ഷൂമാക്കര്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെ പരിചരണത്തിലാണ്. സ്വിറ്റ്‌സര്‍ലന്റിലെ സ്വന്തം വസതിയില്‍ തന്നെ താത്ക്കാലിക ആശുപത്രി സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കാര്യങ്ങള്‍ നോക്കാനായി വൈദ്യശാസ്ത്രവിദഗ്ദ്ധരെക്കൂടാതെ പരിചാരകരെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഷൂമാക്കറുടെ വസതിയുടെ പരിസരത്ത് കനത്ത സുരക്ഷാ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്യാമറയ്ക്കും മറ്റ് റെക്കോര്‍ഡിംഗ് വസ്തുക്കള്‍ക്കും ഇവിടെ നിരോധനവും ഉണ്ട്. മൊബൈല്‍ ഫോണ്‍ പോലും ഇവിടെ അനുവദനീയമല്ല.