ഇരട്ട ഗോളുമായി മൊഹമ്മദ് സല; ലിവർപൂളിനും സിറ്റിക്കും ചെൽസിക്കും വിജയം

മൊഹമ്മദ് സലയുടെ ഇരട്ട ഗോളിന്റെ മികവിൽ ലിവർപൂൾ എവർട്ടണെ തോൽപ്പിച്ചു. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മെഴ്സിസൈഡ് ഡർബിയിൽ ലിവർപൂൾ വിജയിച്ചത്. ഒമ്പതാം മിനിറ്റിൽ ഹെൻഡേഴ്സണിലൂടെ സ്കോറിംഗ് തുടങ്ങിയ ലിവർപൂളിന്റെ ലീഡ് 19ാം മിനിറ്റിൽ സല ഇരട്ടിയാക്കി.ഡെമറായ് ഗ്രേ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും 64ാം മിനിറ്റിൽ സലയും 79ാം മിനിറ്റിൽ ജോട്ടയും സ്കോർ ചെയ്തു. എവർട്ടണിൽ കഴിഞ്ഞ ഒമ്പത് കളികളിൽ ഒരു തവണയാണ് ലിവർപൂൾ വിജയിച്ചിട്ടുള്ളൂ എങ്കിലും ഇത്തവണ ജയം ആധികാരികമായിരുന്നു. ഇതോടെ എവർട്ടണ് കഴിഞ്ഞ 8 മത്സരങ്ങളും വിജയമില്ലാതെ പൂർത്തിയാക്കേണ്ടി വന്നു.
ആസ്റ്റൺ വില്ലയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനം നിലനിർത്തിയത്. ബെർണാണ്ടോ സിൽവയുടെ മനോരമായ ഒരു ഗോളും റൂബൻ ഡയസിന്റെ ഓപ്പണറും സിറ്റിയുടെ ജയം ഉറപ്പിച്ചു. വാറ്റ്കിൻസാണ് വില്ലയുടെ ഗോൾ നേടിയത്. മാനേജറായി ചുമതലയേറ്റ ശേഷമുള്ള സ്റ്റീഫൻ ജെറാൾഡിന്റെ ആദ്യ തോൽവിയാണ് ഇത്.
പകരക്കാരനായി ഇറങ്ങിയ ഹക്കിം സിയച്ചിന്റെ ഗോളാണ് വാറ്റ്ഫോഡിനെതിരെ ചെൽസിയെ വിജയിപ്പിച്ചത്. ആദ്യം മാസൺ മൗണ്ടിലൂടെ ചെൽസി ലീഡ് നേടിയെങ്കിലും എമാനുവൽ ഡെന്നീസ് സമനില പിടിച്ചു. ലീഗിൽ 14 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ചെൽസിക്ക് 33ഉം സിറ്റിക്ക് 32ഉം ലിവർപൂളിന് 31ഉം പോയിന്റ് ഉണ്ട്.
വെസ്റ്റാം യുണൈറ്റഡ്- ബ്രൈറ്റൺ മത്സരം ഓരോ ഗോൾ സമനിലയിൽ പിരിഞ്ഞു. സൗത്താംപറ്റൺ- ലെസ്റ്റർ മത്സരവും സമനിലയിലായി. രണ്ട് ടീമും ഓരോ ഗോൾ നേടി. വൂൾവസ്- ബേൺലി മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.