മുഷ്താഖ് അലി ട്രോഫി: ഇന്ത്യന്‍ താരങ്ങള്‍ അണിനിരന്ന മുംബൈയെ അട്ടിമറിച്ച് കേരളം

 | 
rohan kunnumel


 ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ കരുത്തരായ മുംബൈയെ കേരളം അട്ടിമറിച്ചു, റെക്കോഡിന്റെ പകിട്ടോടെ. സയ്യിദ് മുഷ്താഖ് അലി ട്വന്റി- 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങളുമായി അണിനിരന്ന മുംബൈ ടീമിനെ കേരളം 43 റണ്‍സിന് തകര്‍ത്തു. സ്‌കോര്‍: കേരളം 20 ഓവറില്‍ അഞ്ചിന് 234, മുംബൈ 191/9. മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ഉയര്‍ന്ന സ്‌കോറാണിത്.

മൂന്നാംവിക്കറ്റില്‍ രോഹന്‍ കുന്നുമ്മലും സല്‍മാന്‍ നിസാറും ചേര്‍ന്ന് 74 പന്തില്‍ കുറിച്ച 140 റണ്‍സാണ് കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. സല്‍മാന്‍ 49 പന്തില്‍ 99 റണ്‍സുമായി പുറത്താകാതെനിന്നപ്പോള്‍ രോഹന്‍ 48 പന്തില്‍ 87 റണ്‍സടിച്ചു. സല്‍മാന്റെ ഇന്നിങ്‌സില്‍ എട്ടു സിക്‌സും അഞ്ചു ഫോറുമുണ്ട്. രോഹന്‍ ഏഴു സിക്‌സും അഞ്ചു ഫോറും പറത്തി. ശാര്‍ദൂല്‍ ഠാക്കൂര്‍ എറിഞ്ഞ അവസാന ഓവറില്‍ സല്‍മാന്‍ മൂന്നു സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 28 റണ്‍സ് കണ്ടെത്തിയെങ്കിലും സെഞ്ചുറി തികയ്ക്കാനായില്ല.

വെള്ളിയാഴ്ച ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാനിറങ്ങിയ കേരളത്തിന് ആദ്യം നഷ്ടമായത് ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ (4) വിക്കറ്റ്. ശാര്‍ദൂലിന്റെ പന്തില്‍ ക്ലീന്‍ബൗള്‍ഡായി. തുടര്‍ന്നെത്തിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ (13) മോഹിത് ആവസ്തിയുടെ പന്തില്‍ ക്യാച്ചായി. നാലാമനായ സച്ചിന്‍ ബേബി ഏഴുറണ്‍സില്‍ നില്‍ക്കെ പരിക്കേറ്റ് മടങ്ങിയതോടെയാണ് രോഹന്‍-സല്‍മാന്‍ സഖ്യം ഒന്നിച്ചത്. 18-ാം ഓവറിലെ ആദ്യപന്തില്‍ രോഹന്‍ മടങ്ങുമ്പോള്‍ 180 റണ്‍സിലെത്തിയതേയുള്ളൂ. പിന്നീട് വിഷ്ണു വിനോദ് (6), അജ്‌നാസ് (7) എന്നിവരെ കൂട്ടുപിടിച്ച് സല്‍മാന്‍ അടി തുടര്‍ന്നു. അവസാന 10 ഓവറില്‍ 100 റണ്‍സ് ചേര്‍ത്തു. നാല് ഓവറില്‍ 69 റണ്‍സ് വഴങ്ങിയ ശാര്‍ദൂലാണ് ഏറ്റവും വലിയ പ്രഹരമേറ്റത്.

ഇന്ത്യന്‍ താരങ്ങളായ പൃഥ്വി ഷാ, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവരുമായി ഇറങ്ങിയ മുംബൈക്ക് മറുപടി ബാറ്റിങ്ങില്‍ മികച്ച തുടക്കം ലഭിച്ചു. ഓപ്പണര്‍മാരായ പൃഥ്വി ഷാ (23), ആംഗ്രിഷ് രഘുവംശി (16) എന്നിവരെ എം.ഡി. നിധീഷ് പുറത്താക്കി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (32) അബ്ദുള്‍ ബാസിത്തിനുമുന്നില്‍ വീണു. 35 പന്തില്‍ 68 റണ്‍സെടുത്ത രഹാനെയെ വിനോദ് കുമാര്‍ പുറത്താക്കി.

നാല് ഓവറില്‍ 30 റണ്‍സിന് നാലുവിക്കറ്റുമായി നിധീഷും കേരള വിജയത്തില്‍ പ്രധാന പങ്കുവഹിച്ചു. അബ്ദുള്‍ ബാസിത്, വിനോദ് കുമാര്‍ എന്നിവര്‍ക്ക് രണ്ടുവീതം വിക്കറ്റുണ്ട്. സല്‍മാന്‍ നിസാര്‍ കളിയിലെ താരമായി. ഇ ഗ്രൂപ്പില്‍ കേരളത്തിന്റെ നാലാം മത്സരമാണിത്. ഇതില്‍ മൂന്നുവിജയങ്ങളില്‍ 12 പോയിന്റുമായി പട്ടികയില്‍ രണ്ടാംസ്ഥാനത്താണ് കേരളം. മൂന്നു കളിയില്‍ 12 പോയിന്റുള്ള ആന്ധ്രാപ്രദേശ് ഒന്നാംസ്ഥാനത്തുണ്ട്.