ട്വന്റി20 ലോകകപ്പ്; നമീബിയക്കും ഇം​ഗ്ലണ്ടിനും വിജയം

നമീബിയ സ്കോട്ലാൻഡിനേയും  ഇം​ഗ്ലണ്ട് ബം​ഗ്ലാദേശിനേയും പരാജയപ്പെടുത്തി

 | 
cricket

ലോകകപ്പ് ട്വന്റി20യിൽ നമീബിയക്ക് ചരിത്ര നേട്ടം. ​സൂപ്പർ 12ലെ അവരുടെ ആദ്യ മത്സരത്തിൽ സ്കോട്ലാൻഡിനെ നാല് വിക്കറ്റിനാണ് നമീബിയ തോൽപ്പിച്ചത്. 110 റൺസ് വിജലക്ഷ്യവുമായി ഇറങ്ങിയ നമീബിയ അവസാന ഓവറിൽ ലക്ഷ്യം കണ്ടു. ആദ്യ ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടമായ സ്കോട്ട് ടീമിന് ആ ആഘാതത്തിൽ നിന്നും പിന്നീട് കരകയറാൻ സാധിച്ചില്ല. റൂബൻ ട്രംപെൽമാൻ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തിലും മൂന്നാം പന്തിലും നാലാം പന്തിലും വിക്കറ്റുകൾ വീണു. അഞ്ച് ഓവർ പിന്നിടുമ്പോൾ 4 വിക്കറ്റിന് 18 എന്ന നിലയിലേക്ക് വീണ ടീമിനെ 44 റൺസെടുത്ത ഓൾ റൗണ്ടർ ലെസ്ക്ക്, 25 റൺസെടുത്ത ക്രിസ് ​ഗ്രീവെസ് എന്നിവർ ചേർന്നാണ് നൂറ് കടത്തിയത്. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 109 റൺസ് സ്കോട്ലാൻഡ് നേടിയത്. മൂന്ന് വിക്കറ്റെടുത്ത റൂബന് പുറമെ ജാൻ ഫ്രൈലിങ്ക് 2 വിക്കറ്റും വീഴ്ത്തി. 

മറുപടി ബാറ്റിംഗിനിറങ്ങിയ നമീബിയക്ക് മിഷേൽ വാൻ വിൻ​ഗൻ(18), ക്രേ​ഗ് വില്ല്യംസ്(23) എന്നിവർ ഭേദപ്പെട്ട തുടക്കം നൽകി. എന്നാൽ വിക്കറ്റുകൾ വീഴ്ത്തി സ്കോട്ലാൻഡ് തിരിച്ചുവന്നു. പക്ഷെ 32 റൺസ് എടുത്ത സ്മിറ്റും 16 റൺസെടുത്ത വീസെയും ചേർന്ന് ടീമിനെ വിജയത്തിനടുത്ത് എത്തിച്ചു. 19.1 ഓവറിൽ 6 വിക്കറ്റിനാണ് ടീം വിജയിച്ചത്.

ബം​ഗ്ലാദേശിനെ എട്ടുവിക്കറ്റിനാണ് ഇം​ഗ്ലണ്ട് പരാജയപ്പെടുത്തിയത്. 125 എന്ന വിജയലക്ഷ്യമാണ് ബം​ഗ്ലാദേശ് ഉയർത്തിയത്. 29 റൺസെടുത്ത മുഷ്ഫിഖർ‌ റഹീമാണ് ടോപ് സ്ക്കോറർ. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കെയിൽ മിൽസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മോയിൻ അലി, ലിവിങ്ങ്സ്റ്റൺ എന്നിവരുമാണ് ബം​ഗ്ലാദേശിനെ ചെറിയ സ്കോറിൽ ഒതുക്കിയത്. ചേസിം​ഗ് തുടങ്ങിയ ഇം​ഗ്ലണ്ടിന് 38 പന്തിൽ 61 റൺസെടുത്ത ജേസൻ റോയ് വിജയത്തിലെത്തിച്ചു. മാലൻ 28 റൺസെടുത്തു.