പൊരുതി വീണ് നമീബിയ; പാകിസ്ഥാൻ സെമിയിൽ

ബംഗ്ലാദേശിനെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക സെമി സാധ്യത നിലനിർത്തി
 | 
Pakistan

പാകിസ്ഥാൻ ടീമിന്റെ ലോകോത്തര ബൗളർമാരെ ഭയക്കാതെ നമീബിയ നടത്തിയ ചെറുത്തുനിൽപ്പ് ടി20 ലോകകപ്പിലെ മനോഹരമായ ഒരു കാഴ്ച്ചയായിരുന്നു. 20 ഓവറിൽ 5 വിക്കറ്റിന് 144 റൺസ് നേടി നമീബിയ എന്ന  ക്രിക്കറ്റിലെ ശിശുക്കൾ തങ്ങളെ എഴുതിതള്ളാൻ കഴിയില്ലെന്ന് തെളിയിച്ചു. ലോകോത്തര ബാറ്റർമാർ ഉള്ള ഇന്ത്യൻ ടീം മുട്ടുവിറച്ച ഇടത്താണ് നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത നമീബിയയുടെ ഈ ചെറുത്തു നിൽപ്പ്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുമ്പോൾ കൂറ്റൻ സ്കോർ ആണ് പാക് ടീം മനസിൽ കണ്ടത്. 2 വിക്കറ്റിന് 189 റൺസ് അവർ നേടുകയും ചെയ്തു. ഓപ്പണർമാർ തന്നെയാണ് റൺസിന്റെ സിംഹഭാഗവും നേടിയത്. ബാബർ അസം 49 പന്തിൽ 70ഉം മുഹമ്മദ് റിസ്വാൻ 50 പന്തിൽ 79ഉം മുഹമ്മദ് ഹാഫിസ് 16 പന്തിൽ 32 റൺസും നേടി. ഫഖർ സമാൻ 5 റൺസ് എടുത്തു പുറത്തായി.

ഷഹീൻ ആഫ്രിദിയും ഹസ്സൻ അലിയും ഹാരിസ് റൗഫും അടങ്ങിയ പേസ് നിര നന്നായി ആക്രമിച്ചു എങ്കിലും നമീബിയ ചെറുത്തു നിന്നു. 29 റൺസ് എടുത്ത ബ്രാഡ്, 40 റൺസ് എടുത്ത ക്രൈഗ് വില്യംസ്, 43 റൺസ് നേടി പുറത്താകാതെ നിന്ന് വീസെ എന്നിവരുടെ പ്രകടനമാണ് സ്കോർ 144ൽ എത്തിച്ചത്.

ഇതോടെ നാല് കളിയിൽ നിന്നും നാല് ജയവുമായി പാകിസ്ഥാൻ സെമിയിൽ എത്തി. നമീബിയക്ക് 2 പോയിന്റ് ഉണ്ട്. 

ബംഗ്ലാദേശിനെ 6 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 8 റൺസിന് ഓൾ ഔട്ട് ആയി. റബാദയും നോക്യയും 3 വിക്കറ്റ് വീതവും ഷംസി 2 വിക്കറ്റും വീഴ്ത്തി. 27 റൺസ് നേടിയ മെഹ്ദി ഹസ്സൻ ആണ് ടോപ്പ് സ്‌കോറർ. ലിറ്റൺ ദാസ് 24 റൺസ് എടുത്തു. 

ദക്ഷിണാഫ്രിക്ക 14ആം ഓവറിൽ വിജയം കണ്ടു. നായകൻ ബാവുമ 31 റൺസുമായി പുറത്താകാതെ നിന്നു. ഇതോടെ ദക്ഷിണാഫ്രിക്ക സെമി സാധ്യത സജീവമാക്കി. നാലിൽ നാലും ജയിച്ച ഇംഗ്ലണ്ട് ആണ് ഗ്രൂപ്പിൽ മുന്നിൽ. നാലിൽ മൂന്ന് ജയവുമായി  ദക്ഷിണാഫ്രിക്ക രണ്ടാമതും മൂന്നിൽ രണ്ട് ജയവുമായി ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തും ഉണ്ട്.