ദേശീയ ഗെയിംസ് നടത്തിപ്പിന് കൊണ്ടുവന്ന 500 ലാപ്‌ടോപ്പുകൾ കാണാനില്ല

ദേശീയ ഗെയിംസ് നടത്തിപ്പിന് കൊണ്ടുവന്ന 500 ലാപ്ടോപ്പുകൾ കാണാനില്ലെന്ന് റിപ്പോർട്ട്. ലാപ്ടോപ്പുകളുമായി ദിവസങ്ങൾക്കുമുമ്പ് ഡൽഹിയിൽനിന്ന് പുറപ്പെട്ട വാഹനം ഗെയിംസ് തുടങ്ങി രണ്ടു ദിവസം പിന്നിട്ടിട്ടും തിരുവനന്തപുരത്ത് എത്തിയില്ല. സംഘാടകർക്കും വിവിധ ജില്ലകളിലെ മീഡിയ സെന്ററുകളിലും ഉപയോഗിക്കാനാണ് ഇത്രയും ലാപ്ടോപ്പിന് ഓർഡർ നൽകിയത്. ചൈനീസ് നിർമിത ലാപ്ടോപുകൾ ഡൽഹിയിലെത്തിയതായി നേരത്തെ സംഘാടകർ അറിയിച്ചിരുന്നു. എന്നാൽ ലാപ്ടോപ്പുകൾ എവിടെയെന്ന് ആർക്കും അറിവില്ലെന്നാണ് റിപ്പോർട്ട്.
 | 
ദേശീയ ഗെയിംസ് നടത്തിപ്പിന് കൊണ്ടുവന്ന 500 ലാപ്‌ടോപ്പുകൾ കാണാനില്ല

തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പിന് കൊണ്ടുവന്ന 500 ലാപ്‌ടോപ്പുകൾ കാണാനില്ലെന്ന് റിപ്പോർട്ട്. ലാപ്‌ടോപ്പുകളുമായി ദിവസങ്ങൾക്കുമുമ്പ് ഡൽഹിയിൽനിന്ന് പുറപ്പെട്ട വാഹനം ഗെയിംസ് തുടങ്ങി രണ്ടു ദിവസം പിന്നിട്ടിട്ടും തിരുവനന്തപുരത്ത് എത്തിയില്ല. സംഘാടകർക്കും വിവിധ ജില്ലകളിലെ മീഡിയ സെന്ററുകളിലും ഉപയോഗിക്കാനാണ് ഇത്രയും ലാപ്‌ടോപ്പിന് ഓർഡർ നൽകിയത്. ചൈനീസ് നിർമിത ലാപ്‌ടോപുകൾ ഡൽഹിയിലെത്തിയതായി നേരത്തെ സംഘാടകർ അറിയിച്ചിരുന്നു. എന്നാൽ ലാപ്‌ടോപ്പുകൾ എവിടെയെന്ന് ആർക്കും അറിവില്ലെന്നാണ് റിപ്പോർട്ട്.

ലാപ്‌ടോപ്പുമായി വന്ന വാഹനം അമരവിള ചെക്‌പോസ്റ്റിൽ കുടുങ്ങിയെന്നാണ് ഞായറാഴ്ച മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചത്. സൈനിക വാഹനങ്ങൾക്കുള്ള പരിഗണനയാണ് ദേശീയ ഗെയിംസിനുള്ള സാമഗ്രികളെത്തിക്കുന്ന വാഹനങ്ങൾക്ക് നൽകിയത്. ദേശീയ ഗെയിംസ് സാമഗ്രികളുമായി വരുന്ന വാഹനങ്ങളെ ഒരു ചെക്‌പോസ്റ്റിലും തടഞ്ഞില്ല.തിരുവനന്തപുരം മീഡിയ സെന്ററിനുള്ള ലാപ്‌ടോപ് നേരത്തെ കൈമാറിയെന്ന് ഗെയിംസ് ഐസിടി സെൽ ചുമതല വഹിക്കുന്ന സുരേഷ് വർഗീസ് പറഞ്ഞു.

ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് നടക്കുന്ന അഴിമതിയാണ് ലാപ്‌ടോപ്പുകളുടെ ‘മുങ്ങലിന്’ പിന്നിലെന്ന് ആരോപണം ഉയർന്നു. 500 ലാപ്‌ടോപ്പിൽ 50 എണ്ണം ഡൽഹിയിൽ തന്നെ അപ്രത്യക്ഷമായി. 450 എണ്ണം പുറപ്പെട്ടു. 150 എണ്ണം പ്രധാന മീഡിയ സെന്ററിലേക്ക്. ബാക്കി 300 എണ്ണം ഒഫീഷ്യലുകൾക്കും വിവിധ ജില്ലകളിലെ മീഡിയ സെന്ററുകൾക്കും. എന്നാൽ ഇതിൽ പകുതി പോലും എത്താനിടയില്ല. വാങ്ങിയ ഉപകരണങ്ങൾ മുക്കിയശേഷം മീഡിയ സെന്ററിൽ വാടക സാധനങ്ങൾ കുത്തിനിറയ്ക്കുന്നതിന് പിന്നിലും അഴിമതിയുണ്ട്.

സാങ്കേതിക സാധനങ്ങൾ വാടകയ്‌ക്കെടുത്തത് അവയുടെ വിലയേക്കാൾ കൂടിയ തുകയ്ക്കാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഉദ്ഘാടന വേദിയുടെ ലൈറ്റിങ് ഉപകരണങ്ങളുടെ വാടക 2.65 കോടി രൂപയാണ്. ഈ തുകയ്ക്ക് ഡൽഹിയിലെ മോഡേൺ ലൈറ്റിങ് കമ്പനിയിൽനിന്ന് ഇത്രയും സാധനങ്ങൾ സ്വന്തമായി വാങ്ങാൻ കഴിയുമായിരുന്നുവെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. എൽഇഡി ഡിസ്‌പ്ലേയ്ക്ക് വാടക 2.26 കോടിയാണ്. എൽഇഡികൾ സ്‌ക്വയർ ഫീറ്റിന് പരമാവധി 300 രൂപ വാടകയ്ക്ക് ലഭിക്കും. പുതുതായി വാങ്ങുന്നതിനുപോലും ഇത്രയും തുക ആകില്ലെന്നും വിദഗ്ദർ പറഞ്ഞു.