ഗെയിംസ് ഭാഗ്യചിഹ്നത്തിന്റെ പേരിലും തട്ടിപ്പ്; പരാതിയുമായി കലാകാരൻ

ഓരോ ദിവസം കഴിയുന്തോറും അഴിമതിയിൽ മുങ്ങി ദേശീയ ഗെയിംസിന്റെ നിറം മങ്ങുകയാണ്.
 | 
ഗെയിംസ് ഭാഗ്യചിഹ്നത്തിന്റെ പേരിലും തട്ടിപ്പ്; പരാതിയുമായി കലാകാരൻ

 

തിരുവനന്തപുരം: ഓരോ ദിവസം കഴിയുന്തോറും അഴിമതിയിൽ മുങ്ങി ദേശീയ ഗെയിംസിന്റെ നിറം മങ്ങുകയാണ്. 35-ാമത് ദേശീയ ഗെയിംസിന്റെ ഭാഗ്യ ചിഹ്നം അമ്മുവിന്റെ പേരിൽ പോലും അഴിമതി നടന്നതായാണ് പുതിയ റിപ്പോർട്ടുകൾ. അമ്മുവിനെ രൂപകൽപ്പന ചെയ്ത ശിൽപിക്ക് തുച്ഛമായ പണം നൽകി ഗെയിംസ് കമ്മിറ്റി തങ്ങൾക്ക് വേണ്ടപ്പെട്ട പരസ്യ ഏജൻസികൾ വഴി ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് ആരോപണം.

നെയ്യാർഡാം ദയയിൽ രാകേഷ് പി. നായരെയാണ് ദേശീയ ഗെയിംസിന്റെ ഭാഗ്യ ചിഹ്നം രൂപകല്പന ചെയ്യാൻ സർക്കാർ നിയോഗിച്ചത്. 2013 ലാണ് രാകേഷ് അമ്മുവിനെ വരച്ചത്. ഗെയിംസിന്റെ പബ്ലിസിറ്റി ചുമതലയുള്ള ചലചിത്ര അക്കാദമിയിലെ ചില ഉന്നതരായ സുഹൃത്തുക്കളുടെ ആവശ്യപ്രകാരമായിരുന്നു ഇത്. ആദ്യം ആൺ വേഴാമ്പലിനെയാണ് വരച്ചതെന്നും പിന്നീട് ഗെയിംസ് അധികൃതരുടെ നിർദേശപ്രകാരം അത് മാറ്റി പെൺ വേഴാമ്പലിനെ വരച്ചതായും രാകേഷ് പറയുന്നു.

ഓരോ ഗെയിമിനും പ്രത്യേക അംഗ ചലനങ്ങളോടെ 45 രീതിയിലാണ് അമ്മുവിനെ രാകേഷ് വരച്ചു നൽകിയത്. ദേശീയ ഗെയിംസ് കമ്മിറ്റിക്ക് അയച്ചുകൊടുത്ത ഭാഗ്യചിഹ്നം അംഗീകരിക്കപ്പെട്ടു. മുഖ്യമന്ത്രി ഭാഗ്യ ചിഹ്നത്തിന് അമ്മുവെന്ന് നാമകരണവും ചെയ്തു. എന്നാൽ ഈ ചടങ്ങുകളിൽ നിന്നെല്ലാം ശില്പി പടിക്ക് പുറത്തായിരുന്നു.

രണ്ട് ലക്ഷത്തി നാൽപതിനായിരം രൂപയുടെ ബില്ല് നൽകിയപ്പോൾ എഴുപതിനായിരം രൂപ മാത്രം നൽകി രസീതി പോലും നൽകാതെ മടക്കി അയച്ചതായും രാകേഷ് പറയുന്നു. ഇതിന് ശേഷം താൻ അറിയാതെ സ്വകാര്യ പരസ്യ ഏജൻസിയെ കൊണ്ട് നിറവ്യത്യാസങ്ങൾ വരുത്തി അമ്മുവിന്റെ രൂപത്തിൽ മാറ്റം വരുത്തിയതിന് പിന്നിൽ അഴിമതിയുണ്ടെന്നാണ് രാകേഷ് ആരോപിക്കുന്നത്.

1996 മുതൽ സംസ്ഥാനത്തെ സ്‌കൂൾ പാഠപുസ്തകങ്ങളിൽ ചിത്രങ്ങൾ വരയ്ക്കുന്ന രാകേഷിന് ഗെയിംസ് സംഘാടക സമിതിയിൽ നിന്നും അവഗണനയായിരുന്നു ലഭിച്ചത്. ദിവസങ്ങളോളം കഠിനാധ്വാനം ചെയ്ത് ഭാഗ്യചിഹ്നമായ അമ്മു എന്ന വേഴാമ്പലിന് രൂപം നൽകിയ രാകേഷിനെ ഗെയിംസിന്റെ എല്ലാ ചടങ്ങുകളിൽ നിന്നും മാറ്റി നിർത്തി. കേരളം ആഘോഷിച്ച റൺ കേരള റൺ എന്ന പരിപാടിക്ക് പോലും അദ്ദേഹത്തിന് ക്ഷണം ഉണ്ടായിരുന്നില്ല

അമ്മു വേഴാമ്പലിനെ കുറിച്ച് ചില പത്രപ്രവർത്തകർ വകുപ്പ് മന്ത്രിയോടും ദേശീയ ഗെയിംസ് സി.ഇ.ഒയോടും ചില ചോദ്യങ്ങൾ ചോദിച്ചു. രാകേഷ് വരച്ചു തന്നത് കാരിക്കേച്ചർ മാത്രമാണെന്നും ഉപയോഗിക്കാൻ പറ്റുന്നതല്ലെന്നുമായിരുന്നു മറുപടി. ഇതെല്ലാം കഴിഞ്ഞ ശേഷം അദ്ദേഹത്തെ ആദരിക്കുമെന്നും സംഘാടകർ ഇപ്പോൾ പറയുന്നുണ്ട്.