ലാലിസമാണ് കുഴപ്പങ്ങൾക്ക് കാരണം: കെ.മുരളീധരൻ

ദേശീയ ഗെയിംസ് വിവാദങ്ങൾക്ക് ആക്കം കൂട്ടിയ ലാലിസത്തിനെതിരെ കെ.മുരളീധരൻ എം.എൽ.എയും. ദേശീയ ഗെയിംസിലെ ഉദ്ഘാടന ചടങ്ങിലെ പാളിച്ചകൾക്ക് കാരണം ലാലിസമാണെന്ന് മുരളീധരൻ പറഞ്ഞു.
 | 
ലാലിസമാണ് കുഴപ്പങ്ങൾക്ക് കാരണം: കെ.മുരളീധരൻ

 

തിരുവനന്തപുരം: ദേശീയ ഗെയിംസ് വിവാദങ്ങൾക്ക് ആക്കം കൂട്ടിയ ലാലിസത്തിനെതിരെ കെ.മുരളീധരൻ എം.എൽ.എയും. ദേശീയ ഗെയിംസിലെ ഉദ്ഘാടന ചടങ്ങിലെ പാളിച്ചകൾക്ക് കാരണം ലാലിസമാണെന്ന് മുരളീധരൻ പറഞ്ഞു.  ലാലിസമാണ് കുഴപ്പമുണ്ടാക്കിയത്. ലാലിസം ഗംഭീര പരിപാടിയായിരിക്കുമെന്ന് വിശ്വസിപ്പിച്ചു. അത് കാണാനുള്ള ഭാഗ്യമോ നിർഭാഗ്യമോ തനിക്കുണ്ടായില്ല. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

അതേസമയം, ദേശീയ ഗെയിംസ് അക്രഡിറ്റേഷൻ കമ്മറ്റി ചെയർമാൻ സ്ഥാനത്ത് നിന്നും രാജി വെയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് മുരളീധരൻ പിന്മാറി. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി നടന്ന ചർച്ചയെ തുടർന്നാണ് തീരുമാനം. ദേശീയ ഗെയിംസ് നടത്തിപ്പിലെ ക്രമക്കേടിൽ പ്രതിഷേധിച്ചാണ് രാജിക്കൊരുങ്ങിയത്. ഇത് സംബന്ധിച്ച ആരോപണങ്ങൾ ഗൗരവമായി പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്നാണ് രാജി നിലപാടിൽ നിന്ന് പിന്മാറിയതെന്നും മുരളീധരൻ വ്യക്തമാക്കി. സംഘാടക സമിതിയിൽ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

തുടക്കം മുതൽ തന്നെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയിട്ടും പരിഹരിച്ചില്ലെന്ന് മുരളീധരൻ കുറ്റപ്പെടുത്തിയിരുന്നു. ദേശീയ ഗെയിംസ് നടത്തിപ്പിലെ പിഴവുകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് എം.എൽ.എ.മാർ രംഗത്ത് വന്നിരുന്നു. എം.എൽ.എ.മാരായ കെ.ബി ഗണേഷ്‌കുമാർ, പാലോട് രവി എന്നിവർ ഗെയിംസിലെ വിവിധ കമ്മിറ്റികളിൽ നിന്ന് നേരത്തേ രാജിവച്ചിരുന്നു.

അതിനിടെ ഗെയിംസ് നടത്തിപ്പിനെതിരെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. മോഹൻലാലിനെ കൂട്ട് പിടിച്ച് അഴിമതി നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.