ദേശീയ ഗെയിംസിന് തിരിതെളിഞ്ഞു
തിരുവനന്തപുരം: 35-ാമത് ദേശീയ ഗെയിംസിന് തിരിതെളിഞ്ഞു. ഒളിമ്പ്യന്മാരായ പി.ടി.ഉയും അഞ്ജു ബോബി ജോർജുമാണ് ദീപം തെളിച്ചത്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ, മുഖ്യമന്ത്രി ഉമ്മൻചാണ്ടി തുടങ്ങി ഒട്ടേറെ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കാളികളായി. തലസ്ഥാനത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ.
മേളയുടെ ഗുഡ്‌വിൽ അംബാസഡറായ സച്ചിൻ ടെൻഡുൽക്കർ കായിക താരങ്ങളായ പി.ടി ഉഷ, അഞ്ജു ബോബി ജോർജ് എന്നിവർക്ക് ദീപശിഖ കൈമാറി. മൂവരും ചേർന്ന് ഗെയിംസിന് ആരംഭം കുറിച്ചുകൊണ്ട് വിളക്കുതെളിച്ചു. വ്യോമസേനയുടെ പുഷ്പവൃഷ്ടിയും ആർമിയുടെ ബാൻഡ് ഡിസ്‌പ്ലേയ്ക്കും ശേഷം ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്തതായുള്ള പ്രഖ്യാപനം നടന്നു. ശേഷം പതാക ഉയർത്തൽ ചടങ്ങും അരങ്ങേറി. തുടർന്ന് സ്റ്റേഡിയത്തിന്റെ വടക്കുഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ നിലവിളക്കിലേക്ക് അഗ്‌നി പകർന്നു.
മാർച്ച് പാസ്റ്റിൽ കഴിഞ്ഞ ഗെയിംസിന്റെ ആതിഥേയരായ ഝാർഖണ്ഡ് ആയിരുന്നു മുന്നിൽ. ആതിഥേയരായ കേരളം ഏറ്റവും അവസാനവും. പ്രീജാ ശ്രീധരനാണ് കേരളത്തിനായി പതാകയേന്തിയത്.
മോഹൻലാൽ നയിക്കുന്ന സംഗീതദൃശ്യ വിരുന്നടക്കം മൂന്നര മണിക്കൂർ നീളുന്ന വർണാഭമായ കലാപരിപാടികളും വേദിയിൽ നടക്കും. സ്വാതന്ത്ര്യസമര സേനാനികൾക്ക് പ്രണാമം അർപ്പിച്ചുകൊണ്ടുള്ള കലാപരിപാടിയാണ് ആദ്യം. മോഹൻലാൽ കുഞ്ഞാലിമരയ്ക്കാരുടെ വേഷത്തിലാണെത്തുന്നത്. ‘ലാലിസം ഇന്ത്യ സിംഗിങ്’എന്ന പേരിൽ മോഹൻലാൽ അവതരിപ്പിക്കുന്ന സംഗീത പരിപാടിയാണ് ഉദ്ഘാടന ചടങ്ങിലെ മറ്റൊരു ആകർഷണം.
നാളെ മുതൽ ഫെബ്രുവരി 13 വരെ സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി തയ്യാറാക്കിയിരിക്കുന്ന 29 വേദികളിൽ 33 കായിക ഇനങ്ങളിലായി മത്സരങ്ങൾ ആരംഭിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായാണ് മത്സരവേദികൾ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ഗെയിംസിലെ ഏഴാം സ്ഥാനക്കാരായ കേരളം ഇക്കുറി ചാമ്പ്യൻ പട്ടത്തിനായി 744 അംഗ ടീമിനെയാണ് ഒരുക്കിയിരിക്കുന്നത്.