ദേശീയ ഗെയിംസ്: മെഡൽ നേടിയ മലയാളി താരങ്ങൾക്ക് ജോലി നൽകുമെന്ന് മുഖ്യമന്ത്രി

ദേശീയ ഗെയിംസിൽ മെഡൽ നേടിയ മലയാളി കായിക താരങ്ങൾക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. നിലവിൽ ജോലിയുള്ളവർക്ക് അധിക ഇൻക്രിമെന്റ് നൽകുമെന്നും 250 തസ്തികകളിൽ ഉടൻ നിയമനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
 | 

ദേശീയ ഗെയിംസ്: മെഡൽ നേടിയ മലയാളി താരങ്ങൾക്ക് ജോലി നൽകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:
ദേശീയ ഗെയിംസിൽ മെഡൽ നേടിയ മലയാളി കായിക താരങ്ങൾക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. നിലവിൽ ജോലിയുള്ളവർക്ക് അധിക ഇൻക്രിമെന്റ് നൽകുമെന്നും 250 തസ്തികകളിൽ ഉടൻ നിയമനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കായികരംഗത്തെ ശക്തിപ്പെടുത്തുന്നതിന് പുതിയ പദ്ധതി നടപ്പിലാക്കും. കോട്ടയത്ത് സ്‌പോർട്‌സ് കോളജും കോഴിക്കോട് സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റിയും സ്ഥാപിക്കും. ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടുമ്പോൾ ഗസറ്റഡ് റാങ്കിൽ ജോലി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

സ്വർണം, വെള്ളി, വെങ്കലം എന്നിങ്ങനെ മെഡൽ വാങ്ങിയവർക്ക് യഥാക്രമം 5,3,2 ലക്ഷം രൂപ വീതം നൽകും. ഒളിമ്പിക്‌സ് മെഡൽ ജേതാക്കൾ ആകുന്നവർക്ക് ഒരു കോടി രൂപ സമ്മാനം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ഗെയിംസിനായി നവീകരിച്ച സ്റ്റേഡിയങ്ങളുടെ നടത്തിപ്പ് ചുമതല നിലവിലെ ഏജൻസികൾക്ക് തന്നെ നൽകും. ഷൂട്ടിങ് റേഞ്ചും സ്‌ക്വാഷ് സ്റ്റേഡിയവും ആഭ്യന്തര വകുപ്പിനായിരിക്കും. ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന്റെ കാലാവധി കഴിഞ്ഞാൽ കേരള യൂണിവേഴ്‌സിറ്റിക്ക് കീഴിലാകും. ഗെയിംസിന് വേണ്ടി വാങ്ങിയ ഉപകരണങ്ങൾ സ്‌പോർട്‌സ് കൗൺസിലിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.