മോഹൻലാലിനെതിരെ ടിപി രാജീവൻ; കുഞ്ഞാലി മരക്കാർ അഞ്ചാമൻ ആരെന്നു വ്യക്തമാക്കണം
കൊച്ചി: നടൻ മോഹൻലാലിനെതിരെ എഴുത്തുകാരൻ ടിപി രാജീവൻ രംഗത്ത്. കുഞ്ഞാലി മരക്കാർ അഞ്ചാമൻ ആരെന്നു ലാൽ വ്യക്തമാക്കണമെന്ന് ടിപി രാജീവൻ ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ലാലിസം എന്ന പരിപാടിയിൽ കുഞ്ഞാലി മരക്കാർ അഞ്ചാമൻ എന്ന ഒരു ചരിത്ര പുരുഷൻ ജീവിച്ചിരുന്നു എന്ന് പറയുന്നത് കേൾക്കാനും മോഹൻലാൽ ആ ചരിത്ര പുരുഷനെ അവതരിപ്പിച്ചത് കാണാനും ഇടയായി. ഏതു ചരിത്ര പുസ്തകത്തിലാണ് ഈ ചരിത്ര പുരുഷൻ ഉള്ളത് എന്ന് പറയണം. അല്ലെങ്കിൽ, ചുണ്ടനക്കി പറ്റിച്ചത് പോലെയാകുമെന്നും ടിപി രാജീവൻ പറയുന്നു.
ലാലിസം പരിപാടിയ്‌ക്കെതിരേ കടുത്ത വിമർശനങ്ങൾ ഉണ്ടായതിനെ തുടർന്ന് താൻ പരിപാടിയ്ക്കായി വാങ്ങിയ തുക സർക്കാരിന് തിരിച്ച് നൽകുമെന്ന് ലാൽ പറഞ്ഞിരുന്നു. എന്നാൽ തുക വാങ്ങണമോ എന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല.